കാസര്‍കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റിനെതിരെ മുന്‍ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍
ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമെന്ന് ജില്ലാ ഭാരവാഹികള്‍. ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പേരാതി സംഘടനയെ തേജോവധം ചെയ്യാനാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ജില്ലാ ഭാരവാഹികള്‍ വിശദീകരണം നല്‍കിയത്. കഴിഞ്ഞ നാലാം തിയതി ഹൊസ്ദുര്‍ഗ് പോലീസില്‍ ജോസ് തയ്യില്‍ നല്‍കിയ പരാതിയും തുടര്‍ന്ന് കാഞ്ഞങ്ങാട് നടത്തിയ വാര്‍ത്ത സമ്മേളനവും സംഘടനക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പണം കൈക്കലാക്കിയെന്ന ഗുരുതരമായ ആരോപണം വ്യക്തിഹത്യചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ്. കഴിഞ്ഞ മാസങ്ങളില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ ഭാഗങ്ങളാണ് ഇത്. സംഘടനക്കകത്ത് നിന്നുകൊണ്ടുതന്നെ സംഘടനയെ തേജോവധം ചെയ്യാന്‍ ശ്രമിച്ചതിന് ജോസ് തയ്യില്‍ അടക്കമുള്ള 6 പേരെ കഴിഞ്ഞ മാസം സംഘടന ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതിരുന്നു. സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. അതിന്റെ പ്രതികാരമെന്നോണമാണ് ഇപ്പോള്‍ മറ്റു ആരോപണവുമായി രംഗത്ത് വരുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
പ്രസിഡന്റിനെതിരെ ജോസ് തയ്യില്‍ ഒക്ടോബര്‍ മാസം വാട്‌സ് ആപ്പില്‍ അടക്കം വ്യാജ സന്ദേശം കൈമാറുകയും അത് മറ്റുഗ്രൂപ്പുകളേക്കടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ നേതൃത്വം പരാതി നല്‍കി. അന്ന് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ജോസ് തയ്യിലായിരുന്നു പരാതി നല്‍കിയത്. ഈ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണം നടത്തിയപ്പോള്‍ പ്രതി കപ്പലില്‍ത്തന്നെയാണെന്ന് മനസിലായി. അതിനാല്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് സന്ദേശം കൈമാറിയ ആളുകളെ കണ്ടെത്തുകയും അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതോടെയാണ് ജോസ് തയ്യിലും കൂട്ടരും സംഘടനക്കകത്ത് നിന്നുകൊണ്ട് നടത്തുന്ന പാരപ്പണികള്‍ വെളിച്ചത്ത് വന്നത്. ഗുരുതരമായ ഈ കുറ്റത്തിനെതിരെ സംഘടനാ പരമായ നടപടി സംസ്ഥാന കമ്മിറ്റി കൈകൊണ്ടതോടെയാണ് ഇപ്പോള്‍ പുതിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കാര്‍ വാങ്ങുന്നതിനായി 10 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് ജോസ് തയ്യില്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ അത് അടിസ്ഥാന രഹിതമെന്ന് ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് പറഞ്ഞു. അന്ന് കാര്‍ വാങ്ങുന്നതിന് നേതൃത്വം നല്‍കിയതും പണം കണ്ടെത്തിയതുമെല്ലാം ജോസ് തയ്യില്‍ തന്നെയായിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങളും രേഖകളും ജില്ലാനേതൃത്വം പൊലീസിന് കൈമാറിക്കഴിഞ്ഞു. ഈ കഴിഞ്ഞ കാലയളവില്‍ സംഘടനയില്‍ നടന്ന ജില്ലാ യോഗങ്ങളിലെല്ലാം ജോസ് തയ്യിലായിരുന്നു പ്രധാനി. ജില്ലാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മിനുട്ട്‌സ് എഴുതുന്നതും വായിക്കുന്നതും സൂക്ഷിക്കുന്നതും എല്ലാം ജോസ് തയ്യിലാണ്. അതിനാല്‍ തന്നെ അദ്ദേഹം ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം ശുദ്ധഅസംബന്ധമാണ്. ജില്ലാ നേതൃത്വം എന്നും ഒറ്റക്കെട്ടാണ്. എല്ലാവരും യോജിച്ച തീരുമാനമേ കൈകൊള്ളാറുള്ളൂ. പ്രസിഡന്റിന് മാത്രമായി ഒരു തീരുമാനവും അജണ്ടയും ഇല്ല. ജില്ലാ കൗണ്‍സിലിലും, സെക്രട്ടറിയേറ്റും എടുക്കുന്നതീരുമാനങ്ങളുമാണ് പ്രധാനം. അത് ജനാധിപത്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാഗമാണ്. അതിനപ്പുറം പ്രസിഡന്റിനെ വ്യക്തിപരമായി ആരോപണം ഉന്നയിക്കുന്നതും തേജോവധം നടത്തുന്നതും അടുത്ത വരുന്ന സംഘടനാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് കൊണ്ടാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി, ട്രഷറര്‍ മാഹിന്‍ കോളിക്കര, ഭാരവാഹികളായ കെ.വി ലക്ഷ്മണന്‍, ബാലകൃഷ്ണന്‍, ഇല്യാസ്, എ.എ അസീസ്, അബ്ദുല്ല കുഞ്ഞി പൈക്ക എന്നിവരും സംബന്ധിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റിനെതിരെ മുന്‍ സെക്രട്ടറി ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതം; ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതി സംഘടനയെ തേജോവധം ചെയ്യാന്‍; വിശദീകരണവുമായി ജില്ലാ നേതൃത്വം