മലപ്പുറം: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചെന്ന പേരില്‍ വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് നടത്തിയ ഹര്‍ത്താലിലെ അക്രമങ്ങള്‍ക്കെതിരെ പോലീസ് കര്‍ശന നടപടിക്ക്.മലപ്പുറം ജില്ലയില്‍ വിവിധ അക്രമ സംഭവങ്ങളിലായി 2200 പേര്‍ക്കെതിരെ കേസെടുത്തു. അമ്പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. താനൂര്‍, മഞ്ചേരി, തിരൂര്‍, മങ്കട, വളാഞ്ചേരി എന്നിവിടങ്ങളിലാണ് കേസുകള്‍ ഏറെയും. തിരൂരില്‍ 35 പേര്‍ റിമാന്‍ഡിലാണ്. ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. 30 പേര്‍ക്ക് സ്റ്റേഷനില്‍ ആള്‍ജാമ്യം നല്‍കി. താനൂരിൽ എട്ടുപേർ അറസ്റ്റിലായി. 11 കേസുകളെടുത്തിട്ടുണ്ട‌്. അപ്രഖ്യാപിത ഹര്‍ത്താലിൻ്റെ പേരില്‍ മഞ്ചേരിയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിന് പിടിയിലായ 10 പേരെ റിമാന്‍ഡ് ചെയ്തു. പോലീസിൻ്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസുണ്ട്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിനും 2000 പേര്‍ക്കെതിരെ കേസെടുത്തു. പട്ടര്‍ക്കുളത്ത് റോഡ് ഉപരോധിച്ച 50 പേര്‍ക്കെതിരെയും കേസെടുത്തു. ഒറ്റപ്പാലം സി.ഐ അബ്ദുള്‍മുനീറിൻ്റെ വാഹനം തടഞ്ഞ് ആക്രമിച്ച കേസില്‍ 50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കിടങ്ങഴിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസില്‍ ആറുപേരും പിടിയിലായി.
സമരാനുകൂലികള്‍ തടസ്സപ്പെടുത്തിയ ചോലക്കലിലെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനെത്തിയ പോലീസുകാരെ തടഞ്ഞ സംഭവത്തിലെ ഒരാള്‍ പിടിയിലായി. മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ആനക്കയത്ത് മൂന്നുപേരെ പിടികൂടി. 50 പേര്‍ക്കെതിരെ കേസെടുത്തു. വായ്പാറപ്പടിയില്‍ വഴിതടഞ്ഞതിന് മൂന്നുപേരും വള്ളുവമ്പ്രത്ത് രണ്ടുപേരും പിടിയിലായി. പൂക്കോട്ടൂരില്‍ റോഡ്ഗതാഗതം തടസ്സപ്പെടുത്തിയതിന് രണ്ടുപേരെയും തൃക്കലങ്ങോട്ട് രണ്ടുപേരും പിടിയിലായി. പൂക്കോട്ടൂരില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തു. പത്ത് പേരെ ജാമ്യം നല്‍കി വിട്ടു. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവത്തിൻ്റെ പേരില്‍ അമ്പതോളം പേര്‍ക്കെതിരെ മങ്കട പോലീസ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പിന്നീട് പെരിന്തല്‍മണ്ണ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ദേശീയപാതയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിന് തിരൂര്‍ക്കാടും അരിപ്രയിലുമായി 35 പേര്‍ക്കെതിരെയും വടക്കാങ്ങരയില്‍നിന്നും പതിനഞ്ചോളം പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. തിരൂര്‍ക്കാട്ട് അക്രമാസക്തരായ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് വിരട്ടി ഓടിച്ചിരുന്നു. നിലമ്പൂരില്‍ ഹര്‍ത്താല്‍ ദിനത്തില്‍ സി.പി.ഐ.എം വനിതാ നേതാവിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. 15 പ്രതികളെ തിരിച്ചറിഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് നിലമ്പൂര്‍ പോലീസ് അറിയിച്ചു.
വ്യാജ ഹര്‍ത്താലിലെ അക്രമം മലപ്പുറം ജില്ലയിൽ മാത്രം 2200 പേര്‍ക്കെതിരെ കേസെടുത്തു; അറസ്റ്റിലായവരിൽ കൂടുതൽ പേരും ജയിലിലായി ചിലർക്ക് സ്റ്റേഷനില്‍ ആള്‍ജാമ്യം നല്‍കി; പോലീസ് റിപ്പോർട്ട് ഇങ്ങനെ