
പയ്യന്നൂര്‍: ദൂരൂഹ സാഹചര്യത്തില്‍ മരിച്ച റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. അദ്ദേഹത്തിന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കോറോം സ്വദേശി കെ.വി ജാനകിയെയാ(72)ണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. കോടികളുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരയായ അഡ്വ. ശൈലജയുടെ സഹോദരിയാണ് ജാനകി. അതേസമയം കേസിലെ പ്രതികളായ പയ്യന്നൂര്‍ ബാറിലെ അഭിഭാഷക ശൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍ എന്നിവര്‍ ഒളിവിലാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് ജാനകിയെ തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കേസന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് അറസ്റ്റ് ചെയ്തത്. സഹോദരനായ രാഘവനൊപ്പം രാമന്തളിയില്‍ താമസിക്കുകയായിരുന്ന ജാനകിയെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജാനകിയുടെ അറസ്റ്റ്. പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെ ബാലകൃഷ്ണനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും സഹോദരി ശൈലജയുടെ നിര്‍ദേശപ്രകാരമാണ് എല്ലാചെയ്തതെന്ന് ജാനകി പൊലിസിന് മൊഴി നല്‍കി. ബാലകൃഷ്ണനെ വിവാഹം കഴിച്ചുവെന്ന രേഖ വ്യാജമാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഈ രേഖ ഉപയോഗിച്ച് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ബാലകൃഷ്ണന്റെ സ്വത്തും പണവും പെന്‍ഷനും ജാനകിയുടെ പേരില്‍ അഭിഭാഷകയായ കെ.വി ശൈലജ തട്ടിയെടുക്കുകയായിരുന്നുവെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

2011 ല്‍ തിരുവനന്തപുരം പേട്ടയിലെ താമസസ്ഥലത്തുനിന്ന് കോഴിക്കോട്ടേക്കു വരുന്നതിനിടെ കൊടുങ്ങല്ലൂരില്‍ വച്ചാണു ബാലകൃഷ്ണന്‍ നായര്‍ മരിച്ചത്. പയ്യന്നൂര്‍ സ്വദേശി കൃഷ്ണകുമാര്‍ തന്റെ ബന്ധുവാണെന്നു പറഞ്ഞ് മൃതദേഹം ഏറ്റുവാങ്ങി ഭാരതപ്പുഴയോരത്തു സംസ്‌കരിക്കുകയായിരുന്നു. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും അന്വേഷണം നടത്താതെ കേസ് എഴുതിത്തള്ളുകയായിരുന്നു. രണ്ടുവിവാഹം കഴിച്ച ജാനകി 2011 ല്‍ പയ്യന്നൂര്‍ നഗരസഭയില്‍ വിധവാ പെന്‍ഷന് അപേക്ഷ നല്‍കിയിരുന്നു. മരണപ്പെട്ട ബാലകൃഷ്ണന്റെ തിരുവനന്തപുരത്തുള്ള ഒന്നര സെന്റു സ്ഥലം ഇവര്‍ വില്‍പന നടത്തിയിരുന്നു. പരിയാരത്തെ അമ്മാനപ്പാറയിലെ ആറേക്കറും സ്വന്തമാക്കിയതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത സംഭവത്തില്‍ യാതൊരു സാമ്പത്തീക നേട്ടമുണ്ടാക്കാന്‍ ജാനകിക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിയെ മാപ്പ് സാക്ഷിയാക്കാനും പൊലിസ് ആലോചനയുണ്ട്.
