വ്യാജപട്ടയം നല്‍കി ജില്ലാ സഹകരണ ബേങ്കില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടി; അറസ്റ്റിലായ പ്രതി നേരത്തെയും സമാനരീതിയില്‍ തട്ടിപ്പു നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing വ്യാജപട്ടയം നല്‍കി ജില്ലാ സഹകരണ ബേങ്കില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടി; അറസ്റ്റിലായ പ്രതി നേരത്തെയും സമാനരീതിയില്‍ തട്ടിപ്പു നടത്തി

വിദ്യാനഗര്‍: വ്യാജപട്ടയം നല്‍കി ജില്ലാ സഹകരണ ബേങ്കില്‍ നിന്നും രണ്ടര ലക്ഷം രൂപ വായ്പ എടുത്ത കേസില്‍ യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ കോളോട്ടെ വി പ്രദീപി(31)നെയാണ് സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. 2014 ഏപ്രിലിലാണ് പ്രദീപ് വ്യാജപട്ടയം വച്ച് ബാങ്കില്‍ നിന്നു വായ്പയെടുത്തത്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ സ്ഥലം പണയപ്പെടുത്തി ജില്ലാബാങ്കിന്റെ പൊയിനാച്ചി ശാഖയില്‍ നിന്ന് രണ്ടരലക്ഷം രൂപ വായ്പ എടുക്കുകയായിരുന്നു. വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് പട്ടയം വ്യാജമാണെന്ന സംശയം തോന്നിയത്.തുടര്‍ന്ന് ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എം അനില്‍കുമാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പിന്നീട് സ്പെഷ്യല്‍ തഹസില്‍ദാര്‍ പി.എ വിഭൂഷണന്‍ നടത്തിയ അന്വേഷണത്തില്‍ പട്ടയം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. ബുധനാഴ്ച രാവിലെ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി കൊളത്തൂരില്‍ വെച്ച് പ്രദീപനെ പിടികൂടുകയായിരുന്നു. നേരത്തെ സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന പ്രദീപ് സമാനരീതിയില്‍ കാസര്‍കോട്ടും തട്ടിപ്പ് നടത്തിയതായി സി.ഐ ബാബു പെരിങ്ങേത്ത് പറഞ്ഞു.

0Shares