
കാസർകോട്: സാമൂഹ്യനീതി വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ലോകഭിന്നശേഷി ദിനം ആഘോഷിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിൻ്റെ നേതൃത്വത്തില്‍ ചെങ്കള മാര്‍ത്തോമ ബധിര മൂക വിദ്യാലയത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ജില്ലാതല കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു രാവിലെ പതാക ഉയര്‍ത്തി.

ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ബി ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന സമ്മേളനം എം.സി കമറുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. കലാസ്‌നേഹം ഐക്യത്തിലേക്കുള്ള പാതയാണ് തുറക്കിന്നതെന്നും ജാതി മത വര്‍ഗ ചിന്തകള്‍ക്കതീതമായ മാനവികതയിലേക്ക് നയിക്കുന്നുവെന്നും എം.എല്‍.എ പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനം എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം സുഫൈജ മുനീര്‍, ഓര്‍ഫനേജ് അസോസിയേഷന്‍ മുബാറക്ക് ഹാജി, മാര്‍ത്തോമ ഡഫ് ആന്റ് ഡമ്പ് സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ എ ജി മാത്യു, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം വി സുനിത, ഡി.സി.പി.ഒ സി എ ബിന്ദു, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോസഫ് റെബല്ലോ സംസാരിച്ചു.

ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി. മാനസിക വൈകല്യം നേരിടുന്ന വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളും ഓവറോള്‍ ചാമ്പ്യന്മാരായി. ബധിര മൂക വിഭാഗത്തില്‍ മാര്‍ത്തോമാ സ്‌കൂളും കാഴ്ച പരിമിത വിഭാഗത്തില്‍ സര്‍ക്കാര്‍ അന്ധ വിദ്യാലയം കാസര്‍കോടും ഓവറോള്‍ ചാമ്പ്യന്മാരായി.
