ജെയ്‌സാല്‍മേര്‍; ഭാരതത്തിന്റെ മഹത്തായ സംസ്‌കാരവും പൈതൃകവും പഠിച്ചും അനുഭവിച്ചും അറിയാനുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ഒരു ഒട്ടകത്തെ തന്നെ വിലക്ക് വാങ്ങി സവാരി നടത്തുകയാണ് ജപ്പാന്‍കാരനായ ഒരു സഞ്ചാരി. 25 കാരനായ മസിഹറോയാണ് വ്യത്യസ്തമായ രീതിയില്‍ ഇങ്ങനെ പര്യടനം നടത്തി വരുന്നത്. ഒട്ടക പുറത്ത് സഞ്ചരിച്ച് കൊണ്ട് തന്നെ പ്രകൃതി സൗന്ദര്യത്തിന്റെയും വിനോദസഞ്ചാരികളുടെയും പറൂദിസയായ രാജസ്ഥാനിലെ റാംദിയോറയുടെ കലയെയും ഐതിഹ്യങ്ങളെയും കുറിച്ച് ഈ സഞ്ചാരി പഠന നിരീക്ഷണങ്ങള്‍ നടത്തി . 15 ദിവസമെടുത്താണ് മസിഹറോയും ഒട്ടകവും റാംദിയോറയില്‍ നിന്നും പുഷ്‌കര്‍ വരെ എത്തിയത്. ഇന്ത്യയെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ച ശേഷമാണ് മസിഹറോ ആദ്യംഡല്‍ഹിയില്‍ എത്തിയത്.
തുടര്‍ന്നാണ് 25,000 രൂപയ്ക്ക് ഒട്ടകത്തെയും സ്വന്തമാക്കി സാഹസികനായ ഈ വിനോദ സഞ്ചാരി ദേശാടനത്തിന് തുടക്കം കുറിച്ചത്. അധ്യാപകനായ മസിഹറോയും ഒട്ടകവും പ്രതിദിനം 25 കിലോമിറ്ററോളം സഞ്ചരിക്കും. ഇന്ത്യയിലെ പല നഗരങ്ങളും ഗ്രാമങ്ങളും ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞ ഈ മിടുക്കന്‍ ഇപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷത്തിലാണ്. പഠന പര്യടനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഹൃദയം നിറയെ മറക്കാനാവാത്ത നല്ല അനുഭവങ്ങളും ഓര്‍മ്മകളും കൊണ്ടായിരിക്കുമെന്ന് മസിഹറോ പറഞ്ഞു. ചരിത്രത്തിന്റെ മഹാ കലവറയായ ഇന്ത്യ വ്യത്യസ്തമായ സംസ്‌കാരങ്ങളുടെയും ആചാര- അനുഷ്ഠാനങ്ങളുടെയും ജീവിത രീതികളുടെയും ഭാഷകളുടെയും പാരമ്പര്യത്തിന്റെയും തട്ടകമെന്ന നിലയില്‍ ലോകത്തിന് തന്നെ മാതൃകയും വിസ്മയവുമാണെന്ന്് ഈ യുവ സഞ്ചാരി സാക്ഷ്യപ്പെടുത്തി.
വ്യത്യസ്തനാമൊരു വിനോദ സഞ്ചാരിക്ക് ഒട്ടകം സ്‌നേഹ വാഹനം.