
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള ദിലീപിനെ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത. വ്യക്തിപരമായിട്ടാണ് താന്‍ ദിലീപിനെ കണ്ടതെന്നും തനിക്ക് അതിനുളള അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു. മാധ്യമം ദിനപത്രത്തോടായിരുന്നു കെ.പി.എസി ലളിതയുടെ പ്രതികരണം‘ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, താന്‍ പിന്തുണക്കും. താന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ല’ കെ. പി. എ. സി ലളിത പറഞ്ഞു

സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണായ ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിനെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് നിന്ന് രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ തന്റെ നിലപാട് ലളിത വ്യക്തമാക്കിയത്.
