വൈദ്യുതി ഭവന്‍ നിര്‍മ്മാണോദ്ഘാടനം: മന്ത്രി ഇ. ചന്ദ്രശേഖരനെ തഴഞ്ഞത് വിവാദമാകുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing വൈദ്യുതി ഭവന്‍ നിര്‍മ്മാണോദ്ഘാടനം: മന്ത്രി ഇ. ചന്ദ്രശേഖരനെ തഴഞ്ഞത് വിവാദമാകുന്നു.

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ 33 കെ വി സബ് സ്‌റ്റേഷന്റെയും കാസര്‍കോട് വൈദ്യുതി ഭവനത്തിന്റെയും നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ കാസര്‍കോട് സ്വദേശിയായ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെ പങ്കെടുപ്പിക്കാതിരുന്നത് വിവാദമാവുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഇവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്നാണ്. ഈ ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ അസാന്നിധ്യം പരക്കെ ശ്രദ്ധിക്കപ്പെട്ടു. കാസര്‍കോട് പ്രദേശത്തിന്റെ വൈദ്യുതി വിതരണ മേഖലയില്‍ നാഴിക കല്ലായി മാറുന്ന ഈ സുപ്രധാന സ്ഥാപനങ്ങളുടെ ഉദ്ഘാടന വേളയില്‍ മന്ത്രി ചന്ദ്രശേഖരനെ ക്ഷണിക്കാഞ്ഞത് ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഒരു പോലെ പ്രതിഷേധം ഉളവാക്കിയിരിക്കുകയാണ്.
മന്ത്രി ചന്ദ്രശേഖരന്‍ ഇന്ന് കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വിവിധ പരിപാടികളില്‍ സംബന്ധിച്ചിരുന്നു. മന്ത്രി ചന്ദ്രശേഖരനെ പങ്കെടുപ്പിക്കാഞ്ഞത് മനപ്പൂര്‍വ്വമാണെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. മന്ത്രി എം.എം മണിയും റവന്യു മന്ത്രി ചന്ദ്രശേഖരനും തമ്മില്‍ നിലനില്‍ക്കുന്ന ചില അഭിപ്രായ വ്യത്യാസങ്ങളുടെയും ശീത സമരത്തിന്റെയും പശ്ചാത്തലത്തിലാണത്രെ ഈ ചടങ്ങില്‍ നിന്ന് ചന്ദ്രശേഖരനെ ഒഴിവാക്കിയത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. എല്ലാ വിഭാഗം ആളുകളിലും സന്തോഷം പകരേണ്ട ഒരു പ്രധാനപ്പെട്ട ചടങ്ങ് ഇത്തരത്തില്‍ പലര്‍ക്കും മനഃപ്രയാസം ഉളവാക്കുന്ന തരത്തില്‍ കലാശിച്ചത് ജില്ലയില്‍ ഉടനീളം ചര്‍ച്ചാ വിധേയമായി.
0Shares