വൈദികന്റെ പീഡനം; കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇന്ന് അറസ്റ്റ് ചെയ്യും.

  • Post category:news
  • Reading time:1 min read
You are currently viewing വൈദികന്റെ പീഡനം; കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇന്ന് അറസ്റ്റ് ചെയ്യും.

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രസവം നടന്ന ആശുപത്രിക്കും സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ച രണ്ടു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു സ്ത്രീകള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ താമസിപ്പിച്ച വയനാട് വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിനെതിരെയും കേസുണ്ട്. ആശുപത്രി, ദത്തെടുക്കല്‍ കേന്ദ്രം അധികൃതരെയും കന്യാസ്ത്രീകളെയും ഇന്ന് അറസ്റ്റ് ചെയ്യും. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.


സംഭവത്തിലെ മുഖ്യപ്രതിയായ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും സ്‌കൂള്‍ മാനേജരും ആയിരുന്ന ഫാ.റോബിന്‍ വടക്കുംചേരി കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലില്‍ റിമാന്‍ഡിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവ വിവരം മറച്ചുവച്ചു എന്നതാണ് കൂത്തുപറമ്പു ക്രിസ്തുരാജ ആശുപത്രിയ്‌ക്കെതിരായ ആരോപണം. ഇത്തരം സംഭവങ്ങള്‍ 24 മണിക്കൂറിനകം ചൈല്‍ഡ് ലൈനിനെയും പോലീസിനെയും അറിയിക്കണമെന്ന ചട്ടം ആശുപത്രിയും ദത്തെടുക്കല്‍ കേന്ദ്രവും മറച്ചുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പീഡനം പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവയ്ക്കാനും വീട്ടുകാര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കി ഒതുക്കിതീര്‍ക്കാനും ശ്രമം നടന്നു. പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരി കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അങ്കമാലിയില്‍ വച്ച് പോലീസിന്റെ പിടിയിലാവുകയായിരുന്നു.

0Shares