പിലിക്കോട്: കാനായി ദേശത്തിന്റെ ഇളമുറക്കാരന്‍ ഉണ്ണി കാനായിയുടെ ശില്പചാരുതയില്‍ വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മി വിളക്കിന്റെ മാതൃകയില്‍ കാണിക്കവഞ്ചി (ഭണ്ഡാരം) ഒരുങ്ങി. ആറടി ഉയരത്തില്‍ കോണ്‍ഗ്രീറ്റിലാണ് വിളക്ക് നിര്‍മിച്ചത്. നാലു വ്യാളിമുഖവും നര്‍ത്തകി ശിലപവും ലക്ഷ്മി ശില്പവും അടങ്ങിയ വിളക്ക് ഭണ്ഡാരത്തിന് വെങ്കല നിറമാണ് നല്‍കിയിരിക്കുന്നത്. സുരേഷ് അമ്മാനപ്പാറ, ബാലന്‍ പാച്ചേനി, രതീഷ് എന്നിവരുടെ സഹായത്തോടെ മൂന്നു മാസത്തോളം സമയമെടുത്താണ് ഭണ്ഡാര നിര്‍മാണം പൂര്‍ത്തിയാക്കിയത്. മലബാറിലെ ക്ഷേത്രങ്ങളില്‍ ശില്പ ചാരുതയില്‍ ഉണ്ണി കാനായി നിര്‍മിച്ച വിളക്കുകളും കവാടങ്ങളും ഏറെ ശ്രദ്ധേയമാണ്. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ ശിഷ്യന്‍ കൂടിടായ ഉണ്ണി കാനായി സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭ പുരസ്‌കാര ജേതാവാണ്.
പിലിക്കോട് മന്ദ്യന്‍ കണ്ണന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങളാണ് ക്ഷേത്രത്തിലേക്ക് ഭണ്ഡാരം സമര്‍പ്പിച്ചത്. ശില്പിയില്‍ നിന്നു കുടുബാംഗങ്ങളും ക്ഷേത്രത്തിലേക്ക് മന്ദ്യന്‍ കണ്ണന്‍ കാരണവരും ഭണ്ഡാരത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ക്ഷേത്രം ആചാര സ്ഥാനികര്‍, വാല്യക്കാര്‍ , സംഘാടക സമിതി ഭാരവാഹികള്‍, ശില്‍പി ഉണ്ണി കാനായി തുടങ്ങിയവര്‍ സംബന്ധിച്ചു.
വേങ്ങക്കോട്ട് പെരുങ്കളിയാട്ടം: കാനായി പെരുമയില്‍ കാണിക്കവഞ്ചി ഒരുങ്ങി