
കാസര്‍കോട്: കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കാസര്‍കോട്- കണ്ണൂര്‍ അതിര്‍ത്തിയും മലയോര പ്രദേശവുമായി വെള്ളരിക്കുണ്ട് ഉള്‍പെടെയുള്ള താലൂക്കുകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കോട്ടയം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം. കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എറണാകുളം ജില്ലാ കലക്ടറും ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ കലക്ടറും അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് മലയോര മേഖലയില്‍ പലയിടത്തും ഇന്ന് ഉരുള്‍പൊട്ടി. താമരശേരി കട്ടിപ്പാറ, കക്കയം, പുല്ലൂരാംപാറ, കരിഞ്ചോല, ചമല്‍ മേഖലകളിലാണ് ഉരുള്‍പൊട്ടിയത്. നിരവധി വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഈങ്ങാപ്പുഴ, പൂന്നൂര്‍ എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. വയനാട് ചുരത്തിലും ഗതാഗതം തടസപ്പെട്ടു. അതേസമയം, ദേശീയ ദുരന്തനിവാരണ സേന ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ കലക്ടറുടെ ആവശ്യപ്രകാരമാണ് സേനയെത്തുന്നത്. അതേസമയം കണ്ണൂര്‍ ജില്ലയിലെ വീരാജ്പേട്ട, ഇരിട്ടി റൂട്ടില്‍ മാക്കൂട്ടം ചുരം റോഡില്‍ ഒരുമാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കുടക് ജില്ലാ കലക്ടര്‍ അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും കഴിഞ്ഞ ദിവസം റോഡിലേക്ക് മരം കടപുഴകി വീണതിനാല്‍ ഈ റൂട്ടില്‍ പൂര്‍ണ്ണമായും ഗതാഗതം സ്തംഭിച്ചിരുന്നു. ശക്തമായ മഴ തുടരുന്നതിനാലാണ് ഗതാഗത നിയന്ത്രണം.

വെള്ളരിക്കുണ്ട് താലൂക്കിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി; ഇരിട്ടി റൂട്ടില്‍ മാക്കൂട്ടം ചുരം റോഡില്‍ ഒരുമാസത്തേക്ക് ഗതാഗത നിയന്ത്രണം