കാസര്‍കോട്: നഗരത്തിലെ മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാനെത്തിയ യുവാവില്‍ നിന്നും കള്ളനോട്ടുകള്‍ പിടികൂടി. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ഉദുമ സ്വദേശിയായ അബൂബക്കര്‍ സിദ്ധിക്കിനെ(35)യാണ് കസ്റ്റഡിയില്‍ എടുത്തത്. മത്സ്യം വാങ്ങി പണം കൊടുത്തപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വില്‍പ്പനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ടൗണ്‍ എസ്.ഐ അജിത്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
സിദ്ധിഖിന്റെ പക്കല്‍ നിന്ന് 2000 രൂപയുടെ അഞ്ച് നോട്ടുകളും 200 രൂപയുടെ ഒരു നോട്ടും പിടിച്ചെടുത്തു. ഫോട്ടോസ്റ്റാസ്റ്റ് നോട്ടുകളാണ് പിടികൂടിയത്. സ്ഥലം വില്‍പ്പന നടത്തിയപ്പോള്‍ കമ്മീഷന്‍ കിട്ടിയ പണമാണെന്നാണ് യുവാവ് പൊലീസിനോട് മൊഴി നല്‍കിയത്. ഉദുമയിലും പെരിയയിലും നേരത്തെ 2000 രൂപയുടെ കള്ളനോട്ടുപയോഗിച്ച് മല്‍സ്യം വാങ്ങാനെത്തി തട്ടിപ്പ് നടത്തിയ സംഭവം നടന്നിരുന്നു. അതും ഇതുപോലെ കളര്‍ഫോട്ടോ സ്റ്റാറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയത്. പിടിയിലായ സിദ്ധീഖിനെ പോലിസ് ചോദ്യം ചെയ്തുവരികയാണ്.
വീണ്ടും 2000 രൂപയുടെ കളര്‍പ്രിന്റ് നോട്ടുമായി തട്ടിപ്പ്; കാസര്‍കോട്ട് മല്‍സ്യം വാങ്ങാനെത്തിയ ഒരാള്‍ പോലിസ് കസ്റ്റഡിയില്‍