വീട്ടുവളപ്പ് കൃഷി സ്ഥലമാക്കിയ കലക്ടര്‍ക്ക് കിട്ടിയത് നൂറുമേനി മത്സ്യവിളവ്

  • Post category:news
  • Reading time:1 min read
You are currently viewing വീട്ടുവളപ്പ് കൃഷി സ്ഥലമാക്കിയ കലക്ടര്‍ക്ക് കിട്ടിയത് നൂറുമേനി മത്സ്യവിളവ്

 കാസര്‍കോട്: ജില്ലാകലക്ടര്‍ കെ ജീവന്‍ബാബുവിന്റെ വിദ്യാനഗറിലെ  ക്യാമ്പ് ഹൗസില്‍ സ്ഥാപിച്ചിട്ടുളള അക്വാപോണിക്‌സ് യൂണിറ്റില്‍ നൂറുമേനി മത്സ്യവിളവ്. ജനിതകപുരോഗതി വരുത്തിയ തിലാപിയ (ഗിഫ്റ്റ്) മത്സ്യങ്ങളാണ് വിളവെടുത്തത്.  ജില്ലാ മത്സ്യകര്‍ഷക വികസന ഏജന്‍സിയും ഫിഷറീസ് വകുപ്പുമാണ് ജില്ലയിലെ ആദ്യത്തെ  അക്വാപോണിക്‌സ് യൂണിറ്റ് ജില്ലാ കലക്ടറുടെ ക്യാമ്പ് ഹൗസില്‍ സ്ഥാപിച്ചത്. അക്വാകള്‍ച്ചറും ഹൈഡ്രോപോണിക്‌സ് കൃഷിരീതിയും ചേര്‍ന്ന മണ്ണുപയോഗിക്കാത്ത സമഗ്ര ജലകൃഷിയാണിത്. കഴിഞ്ഞ മാര്‍ച്ചിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പൂര്‍ണ്ണവളര്‍ച്ചയെത്തിയാല്‍ 500 ഗ്രാം വരെ തൂക്കം വരുന്നതാണ്  ഗിഫ്റ്റ് തിലാപിയ. കിലോഗ്രാമിന് 300 രൂപ വരെ വില ലഭിക്കും. കര്‍ഷകരെ അക്വാപോണിക്‌സ് കൃഷിരീതി പരിചയപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പ് കലക്ടറുടെ ക്യാമ്പ് ഹൗസിലെ പ്രദര്‍ശന യൂണിറ്റ് ഉപയോഗിച്ചിരുന്നു.

കലക്ടറോടൊപ്പം ഭാര്യ അഭി ജെ മിലനും മത്സ്യകൃഷിക്ക് നേതൃത്വം നല്‍കി. ഇവരോടൊപ്പം ക്യാമ്പ് ഹൗസിലെ ജീവനക്കാരുടെയും ഉത്സാഹത്തിലാണ്  മികച്ച വിളവ് നേടിയത്. ആദ്യ വിളവെടുപ്പില്‍ മികച്ച വിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ക്യാമ്പ് ഹൗസിലെ ജീവനക്കാരും മത്സ്യവകുപ്പ് ഉദ്യോഗസ്ഥരും. ഓണാഘോഷത്തോടനുബന്ധിച്ചാണ് വിളവെടുപ്പ് നടത്തിയത്. ജില്ലാ കലക്ടര്‍ ജീവന്‍ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന് മത്സ്യം നല്‍കി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ബി അനില്‍കുമാര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ വനജ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എന്‍ സുരേഷ്, ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ കെ.വി സുരേന്ദ്രന്‍ സംബന്ധിച്ചു.   

0Shares