
ന്യൂഡല്‍ഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ വോട്ടിങ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി. 50% വോട്ടുകളും വിവിപാറ്റ് മെഷീനുമായി ഒത്തുനോക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
ഇതേ ആവശ്യം ഈമാസം എട്ടിന് സുപ്രീംകോടതി തള്ളിയിരുന്നു. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്‍റെ പുതിയ നീക്കം. പകുതി സ്ലിപ്പുകള്‍ എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ലെങ്കിലും ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ സ്ലിപ്പുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു ബൂത്തിലെ സ്ലിപ്പെണ്ണാമെന്ന കമ്മിഷന്‍ നിലപാട് തള്ളിയായിരുന്നു നിര്‍ദേശം.

എന്നാല്‍, തിരഞ്ഞെടുപ്പിന്‍റെ സുതാര്യതയ്ക്ക് ഇതുപോരെന്നും പകുതിയെങ്കിലും സ്ലിപ്പുകള്‍ എണ്ണണമെന്നുമാണ് 21 രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. നായിഡുവിന്‍റെ നേതൃത്വത്തിലാണ് നേരത്തേ 21 പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ പലയിടത്തും വിവിപാറ്റ് യന്ത്രങ്ങളില്‍ ഏഴ് സെക്കന്‍ഡിന് പകരം മൂന്ന് സെക്കന്‍ഡ് മാത്രമേ ഡിസ്പ്ലേ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രതിപക്ഷനേതാക്കള്‍ ആരോപിച്ചു.
മൂന്ന് സെക്കന്‍ഡ് മാത്രമാണ് മെഷീനില്‍ സ്ലിപ് നില്‍ക്കുന്നതെങ്കില്‍ വോട്ടര്‍ക്ക് അത് നോക്കി ഉറപ്പുവരുത്തുക പ്രയാസമാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ കാത്തിരിക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവാണ് മുഖ്യ ഹര്‍ജിക്കാരന്‍. കോണ്‍ഗ്രസ്, ടിഡിപി., എന്‍.സി.പി., എ.എ.പി., ഇടതുപാര്‍ട്ടികള്‍, എസ്.പി., ബി.എസ്.പി തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
