
തിരുവനന്തപുരം: തലസ്ഥാനത്താണ് വീണ്ടുമൊരു ഗുരുവായൂര്‍ മോഡല്‍ വിവാഹ വിവാദം. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടുപിന്നാലെ ഭര്‍ത്താവ് യുവതിയെ മൊഴി ചൊല്ലുകയും ചെയ്തു. തിരുവനന്തപുരം പറണ്ടോട് സ്വദേശിനിയായ യുവതിയാണ് വിവാഹം കഴിഞ്ഞതിന്റെ രണ്ടാം ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച വിവാഹം കഴിഞ്ഞ വരനും വധുവും ആചാര പ്രകാരം വധുവിന്റെ വീട്ടിലാണ് ആദ്യ ദിവസം താമസിച്ചത്. ആദ്യ രാത്രിയില്‍ തന്നെ തന്റെ പ്രണയത്തെക്കുറിച്ചും കാമുകനെ കുറിച്ചും യുവതി ഭര്‍ത്താവിനോട് വെളിപ്പെടുത്തിയിരുന്നു. കാമുകനോടൊപ്പം പോകാനാണ് തനിക്ക് താല്‍പര്യമെന്നും യുവതി പറഞ്ഞു. വിവാഹത്തിന്റെ പിറ്റേദിവസം ഭര്‍ത്താവിന്റെ ബന്ധുക്കളെത്തി നവദമ്പതികളെ അരുവിക്കരയിലെ ഭര്‍തൃവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതി താന്‍ കാമുകനോടൊപ്പം മാത്രമേ ജീവിക്കുവെന്നും, അയാളോടൊപ്പം പോകണമെന്നും വാശിപ്പിടിച്ചു. ഇതിനു പിന്നാലെ യുവതി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യാ ശ്രമം കണ്ട് ഭയന്ന ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഉടന്‍ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. തൊട്ടുപിന്നാലെ പ്രവാസിയായ ഭര്‍ത്താവ് യുവതിയെ മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്തി പ്രശ്‌ന പരിഹാരമുണ്ടാക്കി. അപ്പോള്‍ മറ്റൊരു പ്രശ്‌നം. ഗത്യന്തരമില്ലാതെ വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയ യുവതിയുടെ ബന്ധുക്കള്‍ നേരെ പോയത് അരുവിക്കര പോലീസ് സ്റ്റേഷനിലേക്കാണ്. യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്ന് കാട്ടി കാമുകനെതിരെ പരാതിയുമായാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. പോലീസ് വിളിപ്പിച്ചത് പ്രകാരം ചൊവ്വാഴ്ച സ്റ്റേഷനിലെത്തിയ കാമുകന്റെ ബന്ധുക്കള്‍ യുവതിയുമായുള്ള വിവാഹത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ രംഗം വഷളാകുകയായിരുന്നു.
എന്നാല്‍ താന്‍ കാമുകനോടൊപ്പം പലയിടത്തും കറങ്ങാന്‍ പോയിട്ടുണ്ടെന്നും, അയാളോടൊപ്പം മാത്രമേ ജീവിക്കുകയുള്ളുവെന്നും യുവതി തറപ്പിച്ചു പറഞ്ഞു. ഇതിനിടെ യുവതിയുടെ സ്വദേശമായ ആര്യനാട്ടെ പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയിരുന്നു. തുടര്‍ന്ന് ആര്യനാട് സ്റ്റേഷനില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് കാമുകനും വീട്ടുകാരും അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.
വിവാഹത്തിനും സമ്മതിച്ചെങ്കിലും, കാമുകനായ യുവാവിന് 21 വയസ് തികയാത്തതിനാല്‍ വിവാഹം ഇപ്പോള്‍ നടത്താന്‍ പറ്റില്ലെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് മതാചാരപ്രകാരം വിവാഹം ഉറപ്പിക്കാനും ഒരു വര്‍ഷത്തിന് ശേഷം വിവാഹം നടത്താനുമാണ് തീരുമാനമായത്.
