
ചാനല്‍ പരിപാടിയ്ക്കിടെ വിവാഹ പൂര്‍വ ലൈംഗികത ചര്‍ച്ച ചെയ്ത അവതാരകയ്ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ. ഈജിപ്ത്തിലെ അല്‍ നഹര്‍ ടി.വി അവതാരികയായ ദുവാ സലാലയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചും കുട്ടികളുണ്ടാകുന്നതിനെക്കുറിച്ചും സംസാരിച്ചതിനാണ് ശിക്ഷ.

ചാനല്‍ പരിപാടിയില്‍ കൃത്രിമ വയറുമായി പ്രത്യക്ഷപ്പെട്ട ദുവാ ‘ഒരുവള്‍ വിവാഹ മോചിതയായാല്‍ അവള്‍ മാത്രമായിരിക്കും കുട്ടിയുടെ രക്ഷിതാവ്. എന്നാല്‍ ദൈവവിധി മൂലം വിധവയായാലും അവള്‍ മാത്രമായിരിക്കും കുട്ടിയുടെ രക്ഷിതാവ്. അതുകൊണ്ട് നിങ്ങള്‍ക്ക് തീരുമാനിക്കാം വിവാഹത്തിന് മുമ്പ് തന്നെ കുട്ടിയുടെ രക്ഷിതാവ് ആകണോ വേണ്ടയൊ എന്ന്’ എന്നിങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.
പരിപാടി സംപ്രേക്ഷണം ചെയ്ത ഉടനെ തന്നെ ദുവയെ ചാനല്‍ പുറത്താക്കി. പൊതുമര്യാദ ലംഘിച്ചുവെന്നാരോപിച്ചാണ് ദുവയ്‌ക്കെതിരെ കേസെടുത്തത്. അഷ്‌റഫ് നാജി എന്ന അഭിഭാഷകനാണ് ദുവയ്ക്ക് എതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 1000 ഈജിപ്ഷ്യന്‍ ഈജിപ്ഷ്യന്‍ പൗണ്ട് പിഴ ഈടാക്കാനും കോടതി വിധിച്ചു.
