വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണിന്റെ ഡിമാന്റിനനുസരിച്ചുള്ള വരന്മാരെ എവിടെകിട്ടും? ; വരിക്ക പ്ലാവിനെ വധുവായി കണ്ട് ചന്ദ്രുവെഴുതിയ വിവാഹ ക്ഷണക്കത്ത് വൈറലായി

  • Post category:news
  • Reading time:2 mins read
You are currently viewing വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണിന്റെ ഡിമാന്റിനനുസരിച്ചുള്ള വരന്മാരെ എവിടെകിട്ടും? ; വരിക്ക പ്ലാവിനെ വധുവായി കണ്ട് ചന്ദ്രുവെഴുതിയ വിവാഹ ക്ഷണക്കത്ത് വൈറലായി

കാസര്‍കോട്: ഇക്കാലത്ത് വിവാഹം കഴിക്കണം എന്നുവച്ചാല്‍ ബാലികേറാമലയാണ്. വടക്കന്‍ കേരളത്തില്‍ ഇപ്പോള്‍ വധുവില്ലെന്ന് ചുരുക്കം. എന്നാല്‍ ഉള്ള വധുവിന്റെ ഡിമാന്റുകേട്ടാല്‍ ഒരാള്‍ക്കും പെണ്ണും കിട്ടില്ല. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരനെ തന്നെ വേണം. അതും രണ്ടുവയസു കൂടരുത്. വിവാഹത്തെക്കുറിച്ചു സമൂഹത്തില്‍ നിലനല്‍ക്കുന്ന ധാരണകള്‍ക്കെതിരെ ചന്ദ്രുവെന്ന യുവാവിന്റെ പ്രതികരണം സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്നത്തെ പെണ്‍കുട്ടികളുടെ നിബന്ധനകള്‍ക്ക് പറ്റുന്ന വരനാകാന്‍ സാധിക്കാത്തതിനാല്‍ വരിക്ക പ്ലാവിനെ വധുവായി കണ്ട് ക്ഷണക്കത്ത് രൂപത്തില്‍ ആക്ഷേപ ഹാസ്യം തയ്യാറാക്കുകയായിരുന്നു വെള്ളരിക്കുണ്ട് സ്വദേശി ചന്ദ്രു. സര്‍ക്കാര്‍ ഉദ്യോഗം മുതല്‍ ബാങ്ക് ബാലന്‍സ് വരെ അന്വേഷണം നടത്തുന്ന വധുവിന്റെ നിബന്ധനകള്‍ കാരണം വലയുന്ന ചെറുപ്പക്കാര്‍ ഏറെയുണ്ടെന്ന് ഫേസ് ബുക്കിലെഴുതി പോസ്റ്റില്‍ പറയുന്നു.

ഫേസ് ബുക്കിലെ പൂര്‍ണരൂപം

*ക്ഷണക്കത്ത്*
സുഹൃത്തെ/ബന്ധുജനങ്ങളെ,
ഞാന്‍ വിവാഹിതനാവുകയാണ്.
അടുത്ത മാസം നാലാം തീയതി ഞായറാഴ്ച പകല്‍ പത്തു മണിക്കാണ് ചടങ്ങ്.
എല്ലാവരും കുടുംബസമേതം കൃത്യ സമയത്ത് എത്തുമല്ലോ.
വധുവിനെ പരിചയപ്പെടുത്തട്ടെ,
വീടിന്റെ വടക്കുഭാഗത്ത് തല ഉയത്തി നില്‍ക്കുന്ന വരിക്കപ്ലാവാണ് വധു.
വിവാഹത്തിന് വലിയ ചടങ്ങുകളോ
ആര്‍ഭാടങ്ങളോ ഒന്നുമില്ല
അവള്‍ കുറേ പഴുത്ത പ്ലാവിലകള്‍ പൊഴിച്ചു തരും
ഞാനത് മാലയാക്കി അവള്‍ക്ക് ചാര്‍ത്തും. വന്നവര്‍ക്കെല്ലാം ചക്കയുപ്പേരി വിളമ്പും ശുഭം!
ചരക്കെടുക്കാന്‍ തുണിക്കടയിലൊ
സ്വര്‍ണ്ണം വാരാന്‍ ജൂവലറിയിലൊ പോയില്ല
തേഞ്ഞു തീര്‍ന്ന ചെരുപ്പു മാറ്റി പുതിയൊരെണ്ണം വാങ്ങി അതു മാത്രം..
ജീവിതത്തില്‍
എന്റെ ഈ തീരുമാനത്തെ ഒരു സാഹസമായി കാണേണ്ടതില്ല
എല്ലാം ഒത്തുവന്നത് ഇപ്പഴാണ്
വരനെക്കുറിച്ച് അവള്‍ക്ക് വേവലാതികള്‍ ഉണ്ടായിരുന്നില്ല; ചോദ്യങ്ങളും..
സര്‍ക്കാര്‍ ഉദ്യോഗമോ
അഞ്ചക്ക ശമ്പളമോ
ബാങ്ക് ബാലന്‍സോ എന്റെ
നിറമോ ജാതിയോ ജാതകമോ ചോദിച്ചില്ല.
പ്രായമോ പത്തിലെട്ട് പൊരുത്തമോ ചോദിച്ചില്ല
ചേര്‍ന്ന കോഴ്‌സുകളോ
കിട്ടിയ ഡിഗ്രികളെക്കുറിച്ചോ ചോദിച്ചില്ല
പട്ടുസാരിയോ സ്വര്‍ണ്ണത്തൂക്കമോ ചോദിച്ചില്ല…
ഒരേയൊരു ഡിമാന്റ് മാത്രം
‘ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം..’
അങ്ങനെ എല്ലാം ഒത്തുവന്നപ്പോള്‍ ഞാനിതങ്ങ് ഉറപ്പിക്കുകയായിരുന്നു.
ആയതിനാല്‍ സുഹൃത്തെ
ഈ മംഗളകര്‍മ്മത്തില്‍ എന്റെ സന്തോഷത്തിനൊപ്പം പങ്കുചേരാന്‍ പ്രിയപ്പെട്ട ഏവരേയും
ഹൃദ്യമായി ക്ഷണിക്കുന്നു..
– ചന്ദ്രു വെള്ളരിക്കുണ്ട്

( കവിത സമര്‍പ്പണം: സമാന ഹൃദയര്‍ക്ക്)

0Shares