വിലക്ക് ലംഘിച്ച് മംഗളൂരുവില്‍ ബൈക്ക് റാലിക്ക് ശ്രമം; ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing വിലക്ക് ലംഘിച്ച് മംഗളൂരുവില്‍ ബൈക്ക് റാലിക്ക് ശ്രമം; ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്തു

മംഗളൂരു: നഗരത്തില്‍ വിലക്ക് ലംഘിച്ച് ബി.ജെ.പി- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്താന്‍ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ജോതി സര്‍ക്കിളില്‍ നിന്ന് നെഹറു മൈതാനിയിലേക്ക് നടത്തിയ റാലി ഹമ്പന കട്ടയില്‍ വച്ച് ബാരിക്കേട് വച്ച് പോലീസ് തടഞ്ഞു. പോലിസുമായി ചിലര്‍ സംഘര്‍ഷത്തിലേര്‍പെട്ടതിനെ തുടര്‍ന്ന് ചെറിയതോതില്‍ ലാത്തിയും പ്രയോഗിക്കേണ്ടി വന്നു. പിന്നീട് യെദ്യൂരപ്പ അടക്കമുള്ള നേതാക്കളെയും ആയിരത്തോളം പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റു ചെയതു നീക്കി. ദ്രുതകര്‍മ സേനയടക്കം 1000 ലധികം പോലീസിനെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമെന്ന കാരണത്താല്‍ കര്‍ണാടക സര്‍ക്കാര്‍ റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് എങ്ങനെയയും റാലി നടത്തുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. റാലി നടത്താന്‍ തീരുമാനിച്ചാല്‍ അറസ്റ്റു ചെയ്തു നീക്കുമെന്ന് പോലീസ് കമ്മീഷണര്‍ സുരേഷ് നേരത്തെ തന്നെ നേതാക്കളെ അറിയിച്ചിരുന്നു. റാലിയുടെ മുന്നോടിയായി തന്നെ 4188 ബൈക്കുകള്‍ ഹബ്ബള്ളി, ശിമോഗ, കുന്താപുരം ഭാഗങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.നിരവധി ബിജെപി നേതാക്കളെയും പ്രവര്‍ത്തരെയും കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു. ബംഗലൂരുവില്‍ നിന്നും കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന റാലി പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച മംഗളൂരുവില്‍ നിന്നു തന്നെ റാലി നടത്താന്‍ തീരുമാനിച്ചത്. ജ്യോതി സര്‍ക്കിളില്‍ നടന്ന പൊതുയോഗം മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. ശോഭ കലന്തരാജെ, എം.പി നളീന്‍ കുമാര്‍ കട്ടീല്‍, ജഗദീഷ് ഷെട്ടര്‍, ഈശ്വരപ്പ, ആര്‍ അശോക്, പ്രതാപ് സിംഹ, അരവിന്ദ് ലിംബവലി, ബിജെപി ജില്ലാ പ്രസിഡണ്ട് സഞ്ജീവ മട്ടണ്ടൂര്‍, സി.ടി രവി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ദക്ഷിണ കര്‍ണാടക യുവമോര്‍ച്ച പ്രസിഡണ്ട് ഹാരിഷ് പൂഞ്ച സ്വാഗതം പറഞ്ഞു.

0Shares