നീലേശ്വരം: പയ്യന്നൂര്‍ റയില്‍വേ ട്രാക്കില്‍ ഇരുകാലുകളും അറ്റ് കിടന്ന് നിലവിളിക്കുന്ന രണ്ടര വയസ്സുകാരനെ ആരും മറക്കില്ല. വിധിയെ പരാജയപ്പെടുത്തി ഡോക്ടര്‍മാരും ശാസ്ത്രവും ഒരുമിച്ചപ്പോള്‍ തുന്നിപ്പിടിച്ചപ്പോള്‍ പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചു തുടങ്ങി. ഇന്ന് പിഞ്ചു കാലുകളോടെ സാലിഹ് പിച്ച വെച്ച് തുടങ്ങി. സാലിഹിനെ ഒരു മനുഷ്യ സ്‌നേഹി വാരിയെടുത്ത് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് എടുത്ത് ഓടുമ്പോള്‍ ഇരു കാലും നഷ്ടപ്പെട്ട പൊന്ന്‌മോന്‍ ഇനി ജീവിതത്തിലേക്ക് പിച്ചവെക്കുമെന്ന് ആരും കരുതിയതല്ല. മഗളൂരു എ.ജെ ഹോസ്പിറ്റലില്‍ ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് അറ്റുപോയ കാലുകള്‍ തുന്നിപ്പിടിപ്പത്. കഴിഞ്ഞ ഏപ്രില്‍ 29 നു പയ്യന്നൂര്‍ റെയില്‍വെ ട്രാക്കിക്കിലാണ് അപകടം നടന്നത്. മാതാവും ട്രാക്ക് മുറിച്ചുകടക്കവേ അപകടത്തില്‍ പെടുകയായിരുന്നു. മാതാവ് പിലാത്തറ സ്വദേശിനി പീരക്കാംതടത്തില്‍ സഹീദ (29) സംഭവസ്ഥലത്ത് വച്ച് തന്നെ മരണപെട്ടിരുന്നു. പക്ഷെ പയ്യന്നൂരിലെ മനുഷ്യ സ്‌നേഹികളെ ആ അപകടത്തില്‍ ഒരിക്കലും മറക്കാനാവില്ല. നിലവിളിക്കുന്ന സാലിഹിനെയും അറ്റ്കിടന്ന കാലുകള്‍ പ്ലസ്റ്റിക്ക് കവറിലുമാക്കി നാട്ടുകാര്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ഉടന്‍ പയ്യന്നൂര്‍ പോലീസിന്റെ സഹായത്തോടെ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തില്‍ അറ്റ കാലുകള്‍ പ്ലാസ്റ്റിക്ക് ബോക്‌സില്‍ ഐസിട്ട് മംഗളൂരു എജെ ഹോസ്പിറ്റലില്‍ എത്തിച്ചു. സാമ്പത്തിക സഹായവും പോലീസ് തന്നെ തരപ്പെടുത്തി. മുന്‍കൂട്ടി വിവരം ലഭിച്ചതിനാല്‍ ശസ്ത്രക്രിയക്ക് വേണ്ട ഒരുക്കങ്ങള്‍ ആശുപത്രിയില്‍ നടത്തിയിരുന്നു. അതിനിടയില്‍ സാലിഹിന്റെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നു പോയിരുന്നെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല. തിരിച്ചറിയാതിരുന്ന കുഞ്ഞിന് പോലീസിന്റെ സമ്മതത്തോടെ ശസ്ത്രക്രിയ തുടങ്ങി. ഏഴ് മണിക്കൂര്‍ നീണ്ടു ശസ്ത്രക്രിയ. അതുകഴിഞ്ഞപ്പോഴാണ് കുട്ടിയാരാണെന്ന് തിരിച്ചറിഞ്ഞത്. നീലേശ്വരം തൈക്കടപ്പുറത്തെ സമീറിന്റെ ഭാര്യയയും മകനുമാണ് അപകടത്തില്‍ പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം കാലുകള്‍ വെച്ച് പിടിപ്പിച്ചതുള്‍പ്പടെ നാല് ശസ്ത്രക്രിയകള്‍ക്ക് സാലിഹ് വിധേയനായി. ഇപ്പോള്‍ പരസഹായമില്ലാതെ കുഞ്ഞ് കാലുകള്‍ നടന്നു തുടങ്ങുകയാണ്. എ.ജെ ഹോസ്പിറ്റലെ മൈക്രോ വാസ്‌കുലാര്‍ സര്‍ജന്‍ ഡോ. ദിനേശ് കദമിന്റെ നേതൃത്വത്തിലാണ് ഏറെ ശ്രമകരമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
വിധി തോറ്റു; ശാസ്ത്രം ജയിച്ചു; മരണത്തിന്റെ ട്രാക്ക് മുറിച്ച് കടന്ന് കുഞ്ഞ് സലിഹ് ജീവിതത്തിലേക്ക് നടന്നു തുടങ്ങി