വിദ്യാര്‍ഥികളോട് കളിച്ചാല്‍ ഇനി പണികിട്ടും; ബസ് ജീവനക്കാരെകുറിച്ച് പരാതിയുണ്ടെങ്കില്‍ വിളിക്കൂ 85476 39014

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാര്‍ഥികളോട് കളിച്ചാല്‍ ഇനി പണികിട്ടും; ബസ് ജീവനക്കാരെകുറിച്ച് പരാതിയുണ്ടെങ്കില്‍ വിളിക്കൂ 85476 39014

കാസര്‍കോട്: ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് കാട്ടുന്ന ക്രൂരതയ്ക്ക് തടയിടാന്‍ കാസര്‍കോട് ജില്ലാഭരണകൂടമൊരുങ്ങുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബസ് ജീവനക്കാരെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ആര്‍.ടി.ഒ യുടെ 8547639014 നമ്പറില്‍ ഇനി മുതല്‍ വിളിച്ചറിയിക്കാമെന്നും ജില്ലാ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു അറിയിച്ചു. ബസില്‍ കയറുന്നതിന് വിദ്യാര്‍ഥികളെ അനാവശ്യമായി ക്യൂവില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കരുത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അവധി ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് യാത്രസൗജന്യം അനുവദിക്കണം. ഇതു സംബന്ധിച്ച് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് ആര്‍.ടി.ഒ നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ റൂട്ടുകളിലും സിറ്റി, ടൗണ്‍, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി, അന്തര്‍സംസ്ഥാന റൂട്ടുകള്‍ ഉള്‍പ്പെടെ സര്‍വീസുകളുടെ എണ്ണം കണക്കാക്കാതെ 40 കിലോ മീറ്റര്‍ വരെ ഒറ്റ യാത്രയ്ക്ക് കണ്‍സഷന്‍ അനുവദിക്കുമെന്ന് കാസര്‍കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഈ മാസം 15 വരെ നിലവിലുള്ള പാസ് ഉപയോഗിച്ച് സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം അനുവദിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയോഗം തീരുമാനിച്ചു. സെല്‍ഫ് ഫിനാന്‍സ് സ്ഥാപനങ്ങള്‍, പാരലല്‍ കോളജുകള്‍, അംഗീകൃത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ നല്‍കുന്ന യാത്ര സൗജന്യ കാര്‍ഡ്/ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷന്‍ പൂര്‍ത്തിയായതിനുശേഷം 15 ദിവസത്തിനുള്ളില്‍ പാസ് നല്‍കുവാനും യോഗം തീരുമാനിച്ചു.

0Shares