ചെന്നൈ: തമിഴ് സിനിമാ ലോകം തമിഴ് രാഷ്ട്രീയത്തെ സ്വാധീനിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഇളയ ദളപതി വിജയുടെ പുതിയ ചിത്രം ‘സര്‍ക്കാര്‍’. തമിഴ് രാഷ്ട്രീയത്തിലുണ്ടാക്കിയ മാറ്റവും അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സാമ്യതയും തോന്നിപ്പിക്കുന്ന വിധം സിനിമയില്‍ രംഗങ്ങള്‍ ഉള്‍പെടുത്തിയതും ചിത്രം വിവാദത്തിന് കാരണമായി. ചിത്രത്തിലെ ചിലരംഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ രംഗത്ത് വരുകയും രംഗം നീക്കം ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ വിവാദങ്ങളെയൊന്നും ചിത്രത്തിന് വിനയായിട്ടില്ല എന്നത് മാത്രമല്ല ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള 3000 സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. കളക്ഷന്റെ കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കിയാണ് ചിത്രം ഇപ്പോഴും തിയ്യേറ്ററുകളില്‍ തുടരുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രം ഇപ്പോള്‍ നൂറ്റമ്പത് കോടി കടന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. തുപ്പാക്കി,കത്തി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം എ.ആര്‍ മുരുകദോസ് വിജയ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു സര്‍ക്കാര്‍.
ഇത്തവണയും സാമൂഹിക പ്രാധാന്യമുളള പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു മുരുകദോസ് വിജയ് ചിത്രമൊരുക്കിയിരുന്നത്. മുരുകദോസിന്റെ മേക്കിങ്ങും വിജയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നത്. ആദ്യ ദിനത്തില്‍ ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണം സര്‍ക്കാരിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലുമടക്കം ഗംഭീര വരവേല്‍പ്പായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.ആദ്യ ദിനം കേരളത്തില്‍ നിന്നു മാത്രമായി 6.6 കോടി ചിത്രം കളക്ട് ചെയ്തിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ ബാഹുബലി നേടിയ കളക്ഷന്‍ റെക്കോര്‍ഡായിരുന്നു വിജയ് ചിത്രം തകര്‍ത്തിരുന്നത്. ബാഹുബലി 5.5 കോടിയായിരുന്നു കേരളത്തില്‍ നിന്നും ആദ്യ ദിനം സ്വന്തമാക്കിയിരുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗമായിരുന്നു ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ആ നേട്ടം ഇപ്പോള്‍ വിജയ് ചിത്രമായ സര്‍ക്കാരിനാണ്.