കാസര്‍കോട്: ജലസംരക്ഷണ പദ്ധതികളുള്‍പ്പെടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിനും നടത്തിപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനം അനിവാര്യമാണെന്നും ശാസ്ത്രീയമായ സംയോജിത പദ്ധതികളില്ലാത്തതിനാലാണ് വികസനപ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്താത്തതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. കാസര്‍കോട് ഡി.പി.സി ഹാളില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി ജലസംരക്ഷണ ദൗത്യം ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീര്‍ത്തടാധിഷ്ഠിത വികസനപദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടത് അനിവാര്യമാണ്. ശാസ്ത്രീയ വീക്ഷണമില്ലാതെ തദ്ദേശഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും വ്യത്യസ്തമായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനാലാണ് പല പദ്ധതികളും ഉദ്ദേശിക്കുന്ന ഫലം ലഭിക്കാതെ പോകുന്നത്. ജലസംരക്ഷണ ദൗത്യം അതിരൂക്ഷമായ കുടിവെളള പ്രശ്‌നം നേരിടുന്ന കാസര്‍കോടിന് അനുഗ്രഹമാകും. മറ്റു പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷനായി. ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി.കെ ദിലീപ്, കാസര്‍കോട് ബി.ഡി.ഒ കെ അബ്ദുളള, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി വി അബ്ദുള്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. ജലസംരക്ഷണ ദൗത്യം ആശയവും പ്രസക്തിയും എന്ന വിഷയത്തില്‍ ഗ്രാമവികസന വകുപ്പ് ജോയിന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ബി സജിത്ത്, ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ പി ബാലചന്ദ്രന്‍ നായര്‍ എന്നിവരും കാസര്‍കോട് ബ്ലോക്കിലെ ഐ.ഡബ്ല്യു.എം.പി പ്രൊജക്ട് സംബന്ധിച്ചു സംസ്ഥാന ലാന്റ് യൂസ് ബോര്‍ഡ് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അരുണ്‍കുമാറും ഭൂവിവര സംവിധാനം സംബന്ധിച്ച് ലാന്റ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ എ നിസാമുദ്ദീന്‍, കാസര്‍കോട് ബ്ലോക്കിലെ ഭൂജല സ്ഥിതിപഠന റിപ്പോര്‍ട്ട് സംബന്ധിച്ച് സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് റീജ്യണല്‍ ഡയറക്ടര്‍ എം കുഞ്ഞമ്പുവും സംസാരിച്ചു.
വികസന പദ്ധതികളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഏകോപനമുണ്ടാകണം: എ.ജി.സി ബഷീര്‍