വികസനത്തിന്‍റെ അനുഭവബോധ്യവുമായി കാസര്‍കോട് ‘കേരള നിര്‍മ്മിതി’ പ്രദര്‍ശനമാരംഭിച്ചു; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

  • Post category:news
  • Reading time:1 min read
You are currently viewing വികസനത്തിന്‍റെ അനുഭവബോധ്യവുമായി കാസര്‍കോട് ‘കേരള നിര്‍മ്മിതി’  പ്രദര്‍ശനമാരംഭിച്ചു; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: അടിസ്ഥാന സൗകര്യ വികസനത്തില്‍ ചരിത്രപരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ വിവിധ പദ്ധതികളെ കുറിച്ച് അടുത്തറിയാനും വിലയിരുത്താനും പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി കാസര്‍കോട് വികസന പ്രദര്‍ശനവും ബോധവല്‍ക്കരണപരിപാടിയും ആരംഭിച്ചു. കിഫ്ബിയുടെ ആഭിമുഖ്യത്തില്‍ നുള്ളിപ്പാടി സ്പീഡ് വേ മൈതാനത്ത് ആരംഭിച്ച ത്രിദിന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം. എല്‍. എമാരായ എന്‍. എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, എം. സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു നഗരസഭാ അധ്യക്ഷരായ ബീഫാത്തിമ ഇബ്രാഹിം, പ്രൊഫ. കെ. പി ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സാമൂഹിക ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ഉള്‍കൊള്ളിച്ചു നടപ്പിലാക്കുന്ന വികസനപരിപാടിക്ക് 54,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി റവന്യു മന്ത്രി പറഞ്ഞു. സാമൂഹിക ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സമഗ്രവികസനം സാധ്യമാക്കിയ സര്‍ക്കാര്‍ ജില്ലയില്‍ മാത്രം 1000 കോടിയുടെ വികസന പദ്ധതി നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ .എം എബ്രഹാം കേരളനിര്‍മ്മിതി അവതരണം നടത്തി.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ വികസനപദ്ധതികളുടെ വിവിധ ദൃശ്യരൂപങ്ങള്‍, ത്രിമാന മാതൃകകള്‍, വെര്‍ച്വല്‍ റിയാലിറ്റി, വിഡിയോകള്‍, അനിമേഷന്‍, ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലാസന്ധ്യ, വിഷയാധിഷ്ടിത ചര്‍ച്ചകള്‍, വികസനകാഴ്ചപ്പാടുകളുടെ അവതരണം തുടങ്ങിയവയും സംഘടിപ്പിക്കും.

0Shares