റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചു. തിരൂര്‍ കന്മനം സ്വദേശി മുഹമ്മദ് റാഷിദി(29)ന്റെ കുടുംബത്തിനാണ് ഇന്‍ഷുറന്‍സ് തുകയായി 2,27,400 റിയാല്‍ (ഏകദേശം 40 ലക്ഷം രൂപ) ലഭിച്ചത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി), അലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനി എന്നീ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നാണ് ഈ തുക നിരാലംബമായ കുടുംബത്തിന് ലഭിച്ചത്.

ഗള്‍ഫ് യൂണിയന്‍ ഫുഡ്സ് ലിമിറ്റഡ് കമ്പനിയിലെ സെയില്‍സ്മാനായിരുന്നു റാഷിദ്. 2015 ജൂലൈ 14ന് റിയാദില്‍ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ച് സിറിയന്‍ സ്വദേശികളും അപകടത്തില്‍ മരിച്ചിരുന്നു. യുവാവിന്റെ മരണത്തോടെ നിരാലംബരായ കുടുംബത്തിന് കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി പ്രവര്‍ത്തകരുടെ പരിശ്രമത്തിനൊടുവിലാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇതുപോലുള്ള അപകടങ്ങളില്‍ നിരവധി പേര്‍ മരിച്ചിട്ടുണ്ടെങ്കിലും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം പല സംഭവങ്ങളിലും ലഭിക്കാതെ പോകുന്നത് തുടര്‍ നടപടികളെ കുറിച്ച് അറവില്ലാത്തത് കൊണ്ടാണെന്നും നിലവില്‍ സൗദിയില്‍ നിയമാനുസൃതം തൊഴിലെടുക്കുന്ന മുഴുവന്‍ വിദേശികളും ഗോസി പരിരക്ഷയുടെ പരിധിയില്‍ വരുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.