കാസര്‍കോട്: വാഹനാപകടത്തില്‍ മരണപെട്ട ഉഡുപ്പി, ബന്നെ കുതുറ സ്വദേശിയായ കസ്തൂരി ഇനിയും ജീവിക്കും. ആരെന്നറിയാത്ത ആറ് പേരിലൂടെ. അവയവദാനത്തിലൂടെ മറ്റുള്ളവര്‍ക്ക്് പുതുജീവന്‍ പകര്‍ന്ന കസ്തൂരി സമാനതകളില്ലാത്ത മാതൃകയായി. ഈമാസം 12 ന് കോട്ട മൂരുകൈയിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കസ്തൂരിയെ കെ.എം.സി മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണത്തിലെത്തിച്ചത്. കസ്തൂരിയും ഭര്‍ത്താവും സാലിഗ്രാമില്‍ നിന്നും കോട്ടയിലേക്ക് വിവാഹപാര്‍ട്ടിക്കായി യാത്ര ചെയ്യവെ എതിര്‍ ദിശയില്‍ നിന്നും വന്ന ഇരുചക്രവാഹനത്തെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. കസ്തൂരിയുടെ ഭര്‍ത്താവ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണവാര്‍ത്തയറിഞ്ഞ ശേഷം കസ്തൂരിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനമെടുക്കുകയായിരുന്നു. കസ്തൂരിയുടെ ഹൃദയവാല്‍വ്, കരള്‍, വൃക്കകള്‍, കണ്ണ് എന്നിവ വിവിധ ആശുപത്രികളില്‍ അവയവകൈമാറ്റത്തിനായി കാത്തിരിക്കുന്ന രോഗികള്‍ക്ക് സംഭാവന നല്‍കി. ‘പ്രിയപ്പെട്ട ഒരു വ്യക്തിയെ നഷ്ടപ്പെടുമെന്ന വേദന നമുക്കറിയാം. അവയവങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ നമ്മള്‍ അനുഭവിക്കുന്ന വേദനയില്‍ നിന്ന് മറ്റു കുടുംബങ്ങളെ സംരക്ഷിക്കാന്‍ ഒരുപക്ഷേ അതിന് കഴിയും’- കസ്തൂരിയുടെ സഹോദരന്‍ പ്രതാപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘നമ്മുടെ സഹോദരി മറ്റുള്ളവര്‍ക്കുവേണ്ടി പുതിയ ജീവിതം നല്‍കി. അവരുടെ അവയവങ്ങള്‍ ആര്‍ക്കു ലഭിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല എങ്കിലും കസ്തൂരിയുടെ കുട്ടികള്‍ക്ക് ഇതിലൂടെ അനുഗ്രഹം മാത്രമേ ലഭിക്കൂ’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ അവിനാശ് ഷെട്ടി കസ്തൂരിയുടെ കുടുംബത്തെ അഭിനന്ദിച്ചു. ശസ്ത്രക്രിയ നടത്താനായി ബംഗളുരുവില്‍ നിന്നും മണിപ്പാലിലേക്ക് വിദഗ്ധ സംഘം തന്നെ എത്തിച്ചേര്‍ന്നു. ഒരു വ്യക്തിയുടെ അവയവങ്ങള്‍ക്ക് ഒന്‍പത് ജീവന്‍ രക്ഷിക്കാനാകും. കസ്തൂരിയിലൂടെ ആറ് ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാരുടെ സംഘം നാലു മണിക്കൂറോളം പ്രവര്‍ത്തിച്ചു. പക്ഷേ 24 മണിക്കൂറിനുള്ളില്‍ ഹൃദയം മാറ്റിനല്‍കണം. കൃത്യമായ സ്വീകര്‍ത്താക്കള്‍ ഇല്ലാതിരുന്നതിനാല്‍ കസ്തൂരിയുടെ ഹൃദയവും ശ്വാസകോശവും സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. ബംഗളുരുവിലെ നാരായണ ഹൃദയാലയ ഹാര്‍ട്ട് ഹോസ്പിറ്റലിലേക്ക് ഹെഡ് വാല്‍വ് വിമാനമാര്‍ഗം എത്തിക്കുകയായിരുന്നു. കര്‍ണാടകയില്‍ കരള്‍ മാറ്റിവയ്ക്കാനായി 600 പേരും കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി 3,000 രോഗികളും കാത്തിരിക്കുന്നു. കസ്തൂരിയുടെ കുടുംബത്തിന്റെ ഈ തീരുമാനത്തിലൂടെ ജനങ്ങളെ ബോധവത്കരിക്കുന്നതോടൊപ്പം അവയവദാനത്തിന്റെ പ്രാധാന്യവും മനസിലാക്കി കൊടുക്കാന്‍ സാധിക്കും. അവയവ കൈമാറ്റത്തിനായി കര്‍ണാടക പൊലീസ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചു. ഇവര്‍ക്ക് രണ്ട് മക്കള്‍. നാലു സഹോദരങ്ങളുണ്ട്.
വാഹനപകടത്തില്‍ മരണപ്പെട്ട കസ്തൂരി ഇനിയും ജീവിക്കും, ആരെന്നറിയാത്ത ആറുപേരിലൂടെ