വാഹനപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അറബിക് അധ്യാപകന്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വാഹനപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അറബിക് അധ്യാപകന്‍ മരിച്ചു

കാസര്‍കോട്: റയില്‍വേ സ്റ്റേഷന്‍ റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന അറബിക് അധ്യാപകന്‍ മരിച്ചു. ചാലയിലെ അബ്ദുല്‍ റഹ്മാന്റെയും സുഹറയുടെയും മകനായ മുഫീദ് ഹുദവി(26) ആണ് മരിച്ചത്. ബെദിര ഹയാത്തുല്‍ ഹുദാ മദ്രസയിലും ബെദിര പി.ടി.എം എയുപി സ്‌കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ദുബായിലേക്ക് പോവാനിരുന്ന സഹോദരന്‍ ഇര്‍ഷാദിനെയും കൊണ്ട് തളങ്കര മാലിക് ദീനാര്‍ മഖാം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു മുഫീദ് ഹുദവി. തിരിച്ചുവരവേ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരെയും ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിയിലും പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുഫീദ് ഹുദവി മരണത്തിന് കീഴടങ്ങി. അപകടത്തില്‍ പരിക്കേറ്റ സഹോദരന്‍ ഇര്‍ഷാദ് ചികിത്സയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബെദിര മുഹ്യുദ്ധീന്‍ ജുമാ മസ്ജിദില്‍ കബറടക്കും. സമസ്തയുടെ കീഴ്ഘടകമായ എസ്.കെ.എസ്.എസ്.എഫ് ബെദിര ശാഖ ജനറല്‍ സെക്രട്ടറിയും അണങ്കൂര്‍ ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.  യുവ പണ്ഡിതന്‍ മുഫീദ് ഹുദവിയുടെ മരണത്തില്‍ എസ്.കെ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ നേതാക്കളായ ത്വാഖ അഹ്മ്മദ് മൗലവി, യു.എം അബദു റഹ്മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, പയ്യക്കി അബ്ദുല്‍ മുസ്ലിയാര്‍, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
സഹോദരങ്ങള്‍: മുനീര്‍ (തിരുവനന്തപുരം), അഫ്‌സല്‍, നഫീസത്ത് മിസ്രിയ, നസ്‌റീന.

0Shares