കാസര്‍കോട്: സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് എന്നും വെല്ലുവിളിയായി മാറിയിരുന്നത് ഗുണ്ടകളായിരുന്നു പക്ഷെ അത് സിനിമാ കഥയിലാണെന്നുമാത്രം കരുതിയാല്‍ തെറ്റി. കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയിലെ ജനങ്ങളെ ആകെമൊത്തം വിറപ്പിച്ച കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു ഗുണ്ടാതലവനുണ്ട്. കാസര്‍കോട് ജില്ലയിലും ദക്ഷിണ കര്‍ണാടകയിലും കൊലപാതകം അടക്കം അനേകം പ്രമാദമായ കേസുകളില്‍ മുഖ്യപ്രതിയായ ഉപ്പള മണിമുണ്ട സ്വദേശി കാലിയാ റഫീഖ് എന്ന റഫീഖ്. ഉപ്പള മണിമുണ്ടയിലെ തീരദേശ മേഖലയില്‍പെട്ട സാധാരണ കുടുംബത്തില്‍ ജനിച്ച റഫീഖ് എന്ന ചെറുപ്പക്കാരന്‍ കാലിയാ റഫീഖെന്ന ഗുണ്ടാതലവനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം ലഭിച്ച റഫീഖ് ചെറിയ മോഷണങ്ങളിലൂടെയാണ് കൊടുംകുറ്റവാളിയിലേക്ക് എത്തിപ്പെട്ടത്. പതിവ് പോലെ ദാരിദ്ര്യം തന്നെയായിരുന്നു റഫീഖിനെയും മോഷണത്തിലേക്ക് നയിച്ചത്. 16ാം വയസില്‍ ഒരു കവര്‍ച്ചാ കേസില്‍ ജയിലിലായതോടെയാണ് റഫീഖിന്റെ ജീവിതം തന്നെ മാറിമറിഞ്ഞത്. തുടക്കത്തില്‍ നാട്ടുകാര്‍ക്ക് ശല്യക്കാരനായിരുന്നുവെങ്കിലും വലിയ ഗുണ്ടാതലവനായതോടെ സാധാരണക്കാരെ മാത്രം ഒന്നും ചെയ്തിരുന്നില്ല. സമ്പന്നര്‍ക്കും ഗുണ്ടാമാഫിയാ സംഘങ്ങളിലെ എതിര്‍ചേരികള്‍ക്കും മാത്രമായിരുന്നു കാലിയാ റഫീഖ് പേടി സ്വപ്നമായി മാറിയത്.

കൊലപാതകം, പിടിച്ചുപറി, മോഷണം, ഗുണ്ടാ പിരിവ്, ജയില്‍ ചാട്ടം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കാലിയാ റഫീഖ്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തലപ്പാടി -മംഗലാപുരം ദേശീയ പാതയിലെ കോട്ടേക്കാര്‍ ജംങ്ഷന് സമീപത്ത് വെച്ച് റഫീഖിനെ ടിപ്പര്‍ ലോറിയിലെത്തിയ ഒരുസംഘം അക്രമികള്‍ വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

റഫീഖിനെ കൊന്ന കേസിലെ പ്രതികള്‍ക്ക് വേണ്ടി കര്‍ണാടക പോലീസ് ഉപ്പളയിലും പരിസരപ്രദേശങ്ങളിലും റെയ്ഡ് നടത്തി. എന്നാല്‍ 2013 ഒക്ടോബര്‍ 24ന് കൊല്ലപ്പെട്ട മണ്ണംകുഴിയിലെ മുത്തലിബിന്റെ സഹോദരന്‍ നൂര്‍അലിയെ തേടിയാണ് പോലീസ് സംഘം എത്തിയത്. നൂര്‍അലിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. കൊലയാളികളെ നിയോഗിച്ചത് നൂര്‍ അലിയാണെന്നാണ് പോലീസിന്റെ സംശയം. നൂര്‍അലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മറ്റുപ്രതികളെകുറിച്ചുള്ള വിവരം ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. കാലിയാ റഫീഖിന്റെ റിട്സ് കാറില്‍ ഇടിക്കാന്‍ ഉപയോഗിച്ച ടിപ്പര്‍ ലോറി സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് കണ്ടെടുത്തിരുന്നു. ടിപ്പര്‍ ലോറി ഉടമ ആരെന്ന് അന്വേഷിച്ചുവരുന്നു. കൊലയാളി സംഘത്തില്‍ എത്രപേരുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടില്ല. ഉപ്പള മുതല്‍ കാലിയാ റഫീഖിനെ കാര്‍ പിന്തുടര്‍ന്ന് ഒരു സംഘം ഉണ്ടായിരുന്നതായാണ് നിഗമനം. ഈ കാര്‍ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.