വാര്‍ധക്യത്തിന്‍റെ അവശതകളിലും ചിത്രരചനയില്‍ സജീവം; ചിത്രങ്ങളുടെ കൂട്ടുകാരി അമ്മാളുവമ്മയെ അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing വാര്‍ധക്യത്തിന്‍റെ അവശതകളിലും ചിത്രരചനയില്‍ സജീവം; ചിത്രങ്ങളുടെ കൂട്ടുകാരി അമ്മാളുവമ്മയെ അറിയാം

കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ കല്ലുമാളത്തെ അമ്മാളുവമ്മ വാര്‍ധക്യത്തിന്‍റെ അവശതകളിലും ചിത്രരചനയില്‍ സജീവമാണ്. പത്താംതരം വരെ പഠനം നടത്തിയ ഈ അറുപത്തഞ്ചുകാരി സ്‌കൂള്‍പഠനകാലത്ത് തന്നെ ചിത്രരചനയില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിരുന്നു. നാടകങ്ങളിലും അഭിനയിക്കുമായിരുന്നു. ആദ്യകാല നാടകനടനായ കെ. കുമാരന്‍നായരുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷവും അമ്മാളുവമ്മ കുറച്ചുനാള്‍ നാടകങ്ങളില്‍ അഭിനയിച്ചു.

ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ സംവിധാനം ചെയ്ത ദൈവമക്കള്‍ എന്ന ടെലിഫിലിമിലും അഭിനയിച്ചിട്ടുണ്ട്. പ്രതികൂല ജീവിതസാഹചര്യം കാരണം നാടകാഭിനയം അവസാനിപ്പിച്ചു. പിന്നീട് ബീഡിതെറുപ്പിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുകയും കുടുംബത്തിന് അത്താണിയാവുകയും ചെയ്തു. ചാലിങ്കാല്‍ സണ്‍ഡേ സ്‌കൂള്‍, ചാലിങ്കാല്‍ ഗ്രാന്‍മ ക്ലബ്ബ്, ഉദയനഗര്‍ ഹൈസ്‌കൂള്‍ പി. ടി. എ കമ്മിറ്റി,സ്മാര്‍ട്ട് പെരിയ തുടങ്ങി വിവിധ സംഘടനകള്‍ അമ്മാളുവമ്മയെ ആദരിച്ചിരുന്നു.

ചാലിങ്കാല്‍ സ്‌കൂളില്‍ അമ്മാളുവമ്മയുടെ ചിത്രപ്രദര്‍ശനവും നടത്തിയിരുന്നു. ഇപ്പോള്‍ അംഗണ്‍വാടി കുട്ടികളുടെ പഠനാവശ്യത്തിനുള്ള വര്‍ണചിത്രങ്ങള്‍ വരച്ചുനല്‍കുന്നു. ആളുകളുടെ ഫോട്ടോ നോക്കി ജീവന്‍ തുടിക്കുന്ന നിരവധി ചിത്രങ്ങള്‍ പ്രതിഫലം പോലും വാങ്ങാതെ വരച്ചുനല്‍കിയിട്ടുണ്ട്. കാഴ്ചക്ക് മങ്ങലേറ്റുതുടങ്ങിയതിനാല്‍ ഇപ്പോള്‍ ചിത്രങ്ങള്‍ അധികം വരക്കാറില്ല. ചാലിങ്കാല്‍ വയോജനമന്ദിരത്തിന് വേണ്ടിയും സൗജന്യമായി ചിത്രങ്ങള്‍ വരച്ചുനല്‍കിയിട്ടുണ്ട്.

0Shares