വാര്‍ത്തകള്‍ വ്യാജം; ധനുഷ് മറുകുകള്‍ മായ്ച്ചിട്ടില്ല.

  • Post category:news
  • Reading time:1 min read
You are currently viewing വാര്‍ത്തകള്‍ വ്യാജം; ധനുഷ് മറുകുകള്‍ മായ്ച്ചിട്ടില്ല.


ചെന്നൈ: ധനുഷ് തങ്ങളുടെ മകനാണെന്ന് ആരോപിച്ച് മധുര സ്വദേശികളായ ദമ്പതികള്‍ നല്‍കിയ കേസ് പൊളിയുന്നു. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്‍ ധനുഷിന്റെ ശരീരത്തുള്ള മറുകുകളെ കുറിച്ച് ദമ്പതികള്‍ സൂചന നല്‍കിയിരുന്നു. കയ്യിലും തോളെല്ലിലും മറുക് ഉണ്ടെന്നായിരുന്നു വാദം. മെഡിക്കല്‍ പരിശോധനയില്‍ ധനുഷ് മറുകുകള്‍ ലെയ്‌സര്‍ ഉപയോഗിച്ചു മറച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തില്‍ മറുകുകള്‍ ഇല്ല. ഇത് യാതൊരു തരത്തിലുള്ള ചികിത്സ കൊണ്ടും താരം മായ്ച്ചതല്ലെന്നും മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കി.

മധുരൈ മെഡിക്കല്‍ കോളേജിലെ എംആര്‍ വൈരമുത്തു രാജ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദമ്പതികള്‍ അവകാശപ്പെടുന്ന രീതിയില്‍ ധനുഷിന്റെ ശരീരത്തില്‍ ഒന്നുമില്ലെന്നും അതു കൃത്രിമമായി മായ്ച്ചതല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ധനുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് വീടു വിട്ടു പോയതാണെന്നും ആരോപിച്ച് മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ ആണ് പരാതി നല്‍കിയിരുന്നത്. ധനുഷ് തങ്ങളെ ഉപേക്ഷിച്ചു കടന്ന മകനാണെന്നും തങ്ങളുടെ ജീവിത ചിലവിനായി 65000 രൂപ നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ധനുഷിന്റേതെന്ന് അവകാശപ്പെടുന്ന ജനന-സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിന്റെ വാദം ഈ മാസം 27 ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. വൃദ്ധ ദമ്പതികളുടെ വാദം ധനുഷും, കുടുംബവും തള്ളിയിരുന്നു.

0Shares