ജയിലിലെ വളയിട്ട കൈകള്‍ ഇനി വളയം പിടിക്കും; ഡ്രൈവര്‍ യൂണിഫോം കാത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലെ അന്തേവാസികള്‍

  • Post category:news
  • Reading time:1 min read
You are currently viewing ജയിലിലെ വളയിട്ട കൈകള്‍ ഇനി വളയം പിടിക്കും; ഡ്രൈവര്‍ യൂണിഫോം കാത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലെ അന്തേവാസികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിശീലനം നേടിയ ആദ്യ വനിതാ തടവുകാരെന്ന വിശേഷണം ഇനി അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാര്‍ക്ക്. ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചതോടെ ഡ്രൈവര്‍ യൂണിഫോം അണിയുന്ന ദിനം കാക്കുകയാണ് ഏഴുപേര്‍. തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ‘ക്ഷേമം’ പദ്ധതിയിലൂടെയാണ് വനിതാ തടവുകാര്‍ ‘വളയം’ പിടിക്കാന്‍ പഠിച്ചത്. ഡ്രൈവിങ് പഠിക്കണമെന്ന ആഗ്രഹം ആദ്യമറിയിച്ചത് തടവുകാര്‍. ജയിലധികൃതര്‍ ഇക്കാര്യം പരിശോധിച്ച് താല്‍പ്പര്യമുള്ള ഏഴുപേരെ തെരഞ്ഞെടുക്കുകയായിരുന്നു. പദ്ധതിക്കായി സര്‍ക്കാര്‍ 40,000 രൂപ അനുവദിച്ചു. തുടര്‍ന്ന് ജയിലില്‍നിന്ന് ഡ്രൈവിങ് സ്‌കൂളിലേക്ക്. രാവിലെ ഒമ്പതുമുതല്‍ പകല്‍ രണ്ടുവരെ പരിശീലനം. ജീവനക്കാരിലൊരാളും തടവുകാര്‍ക്കൊപ്പമുണ്ടായി. ദിവസങ്ങള്‍ക്കകം നഗരത്തിലെ പ്രധാന റോഡുകള്‍ തങ്ങളുടെയും സ്വന്തമാക്കി ഇവര്‍. ആദ്യത്തെ വിഷമതകള്‍ മറികടന്നതോടെ ആവേശം ഫുള്‍ സ്പീഡിലായി. പരിശീലനം കഴിഞ്ഞ് ജയിലില്‍ മടങ്ങിയെത്തിയപ്പോഴും ഡ്രൈവിങ് നിയമങ്ങള്‍ മത്സരബുദ്ധിയോടെ പഠിച്ചു. ഈമാസം എട്ടിനായിരുന്നു ടെസ്റ്റ്.

ആദ്യശ്രമത്തില്‍ തന്നെ ഏഴുപേരും വിജയിച്ചു. ഇവരില്‍ മൂന്നുപേരുടെ ശിക്ഷാ കാലാവധി ഉടന്‍ അവസാനിക്കും. ജയിലില്‍നിന്ന് ഇറങ്ങിയാല്‍ വാഹനമോടിച്ച് ജീവിതം മുന്നോട്ടോടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. തടവുകാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ജയില്‍ അധികൃതരുടെ തീരുമാനം. ലൈസന്‍സ് വിതരണം ജയില്‍ ഐ.ജി എച്ച് ഗോപകുമാര്‍ നിര്‍വഹിച്ചു. ഡിഐജി ബി പ്രദീപ്, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ എ കുമാരന്‍, റീജ്യണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ വി പി സുനില്‍കുമാര്‍, അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് ഒ വി വല്ലി ചടങ്ങിനെത്തി.

0Shares