കാസര്‍കോട്: പുലര്‍ച്ചെ 2 മണിയോടെ കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു നാടിനെ ഞെട്ടിച്ച ആ അപകടം നടന്നത്. ഉളിയത്തടുക്ക പുളിക്കൂറിലെ അബ്ദുള്‍ ഖാദര്‍-ഫൗസിയ ദമ്പതികളുടെ മകന്‍ അബ്ദുള്‍ ബാസിത്ത് (22) ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് അണങ്കൂരിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിമിഷ നേരം കൊണ്ട് അപകട വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. റമളാന്‍ ആയതിനാല്‍ വരാനിരിക്കുന്ന പെരുന്നാളിന് മുന്നോടിയായി വ്യാപാര സ്ഥാപനങ്ങള്‍ രാത്രിയിലും തുറക്കുന്നത് പതിവാണ്. അത് കൊണ്ടാവണം ബാസിത്തും രാത്രി വൈകി കടയടച്ച് വീട്ടിലേക്ക് മടങ്ങിയത് എന്നാണ് കരുതുന്നത്. കാസര്‍കോട്ട് നിന്ന് വിദ്യാനഗര്‍ ഭാഗത്തേക്ക് പോകുന്ന ബാസിത്ത് ഓടിച്ച ഷിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറിയത് കാണുമ്പോള്‍ നമ്മെ അല്‍ഭുതപ്പെടുത്തും.

കാര്‍ പോകുന്ന റോഡും ഇടിച്ചു കയറിയ ദിശയും നേരെ വിപരീതമാണ്. ഇതില്‍ നിന്നും തന്നെ നമുക്ക് മനസ്സിലാക്കാം നിയന്ത്രണം വിട്ട കാറിന്റെ വേഗത. അപകടം നടന്ന സമയം വലിയ ശബ്ദം കേട്ടാണ് പരിസരവാസികള്‍ ഉണര്‍ന്നത്. ഇവര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ് എത്തിയാണ് കാറില്‍ കുടുങ്ങി കിടന്ന ബാസിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ കാറിന്റെ വലത് വശം പൂര്‍ണമായും തകര്‍ന്നിരുന്നു. കാര്‍ വെട്ടിപ്പൊളിച്ച് ബാസിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹറൈനിലായിരുന്നു ബാസിത്ത് മുമ്പ് ജോലി ചെയ്തിരുന്നത്. നിലവില്‍ കാസര്‍കോട്ടെ ഒരു വസ്ത്രാലയത്തിലെ ജീവനക്കാരനാണ്. സഹോദരങ്ങള്‍: ഷിഹാബ്, സവാദ് (ഇരുവരും ബഹ്റൈന്‍), ഷാഹുല്‍ ഹമീദ്, ഷഹറാന എന്നിവരാണ്.