വലിയ പദ്ധതികള്‍ വഴി ലക്ഷങ്ങള്‍ ചെലവഴിച്ചു; പ്രവര്‍ത്തികളില്‍ പലതും ഇന്ന് പാതിവഴിയില്‍ തന്നെ; ബദിയടുക്ക പഞ്ചായത്തിനെതിരേ പ്രതിഷേധിക്കാനൊരുങ്ങി നാട്ടുകാര്‍

  • Post category:news
  • Reading time:2 mins read
You are currently viewing വലിയ പദ്ധതികള്‍ വഴി ലക്ഷങ്ങള്‍ ചെലവഴിച്ചു; പ്രവര്‍ത്തികളില്‍ പലതും ഇന്ന് പാതിവഴിയില്‍ തന്നെ; ബദിയടുക്ക പഞ്ചായത്തിനെതിരേ പ്രതിഷേധിക്കാനൊരുങ്ങി നാട്ടുകാര്‍

കാസര്‍കോട്: ജില്ലയിലെ പ്രധാന പഞ്ചായത്തുകളില്‍ ഒന്നായ ബദിയടുക്കയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വികസന പദ്ധതികളില്‍ ചിലത് കരാറുകാരെ സഹായിക്കാനുള്ള ഒത്തുകളിയാണെന്ന് ആക്ഷേപം ഉയര്‍ന്നു. മുന്‍വര്‍ഷങ്ങളില്‍ നടത്തിയ പല വികസന പദ്ധതികളിലും നിലവില്‍ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടേ പഞ്ചായത്ത് സംവിധാനം ചിലര്‍ക്ക് പണയപ്പെടുത്തുന്നതിന് സമാനമായ കാര്യങ്ങളാണ് കഴിഞ്ഞ ഭരണ സമിതി നടത്തിയതെന്നും ആക്ഷേപമുണ്ട്. കാലങ്ങളായി യു.ഡി.ഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സ്വാധീനം ഉപയോഗിച്ച് ചിലര്‍ വലിയ പദ്ധതികള്‍ ഉണ്ടാക്കുകയും ഇതിന്റെ പേരില്‍ പഞ്ചായത്ത് വലിയ തുക ചെലവഴിക്കുകയും ചെയ്യുകയുണ്ടായി എന്നതാണ് യാഥാര്‍ഥ്യം. ഇതില്‍ ചിലവയാണ് വലിയ ആക്ഷേപങ്ങള്‍ക്ക് കാരണമായത്. കഴിഞ്ഞ ഭരണ കാലത്ത് നടപ്പിലാക്കിയ ഇന്‍ഡോര്‍ സ്റ്റേഡിയം ഇതിനൊരു ഉദാഹരണമായി പൊതുജനം ചൂണ്ടി കാണിക്കുന്നു.

2015 ല്‍ 25 ലക്ഷം രൂപയ്ക്കാണ് പഞ്ചായത്ത് നിര്‍മാണത്തിനായ് കരാര്‍ നല്‍കിയത്. പണി ആരംഭിച്ച തുടക്കത്തില്‍ തന്നെ ചില കോണുകളില്‍ നിന്നും പദ്ധതിക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെ ഗുണനിലവാരമില്ലാത്ത മേല്‍ക്കൂര തകര്‍ന്നതും ഏറെ വിവാദമായി. അലുമിനിയം ഷീറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ മേല്‍ക്കൂരക്ക് 4,03209 രൂപയാണ് കരാറുകാരന് പഞ്ചായത്ത് അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27 നു ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ 0.47 എം.എം കനത്തിലുള്ള അലൂബ സിങ്ക് സ്റ്റീല്‍ തകിടാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. 441 സ്‌ക്വയര്‍ മേല്‍ക്കൂര നിര്‍മിക്കാന്‍ 1,75,656 രൂപ ഇതിനായി വേണ്ടി വന്നു എന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണക്ക്. എന്നാല്‍ പണം അധികം അനുവദിച്ചത് ചട്ടലംഘനമാണെന്നാണ് ഓഡിറ്റ് വിഭാഗം റിപോര്‍ട്ട് നല്‍കിയത്. പദ്ധതിക്കായി ഇതുവരെ കരാറുകാരന് 20 ലക്ഷത്തോളം രൂപ നല്‍കിയെന്നാണ് പറയപ്പെടുന്നത്.എന്നാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്ന പഞ്ചായത്തിന്റെ സ്വപ്ന പദ്ധതി ഇപ്പോള്‍ പാതി വഴിയിലാണെന്നതാണ് മറ്റൊരു വസ്തുത. നാട്ടുകാര്‍ക്ക് പ്രതേകിച്ച് സാധാരണ ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത ഇത്തരം പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കുമ്പോള്‍ നഷ്ടമാകുന്നത് പൊതുജനങ്ങളുടെ പണമാണെന്നതും, നാട്ടുകാരെ പ്രകോപിതരാക്കാന്‍ കാരണമാകുന്നു. ഒരു ആസൂത്രണവുമില്ലാതെ ഇത്തരം പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കുന്നത് കരാറുകാര്‍ വഴി പണം തട്ടാനുള്ള ചിലരുടെ ശ്രമം എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ വര്‍ഷം നടത്തിയ ഈ പദ്ധതിയുടെ ഓഡിറ്റില്‍ പഴയ ഉത്തരവുകളോ പ്രവര്‍ത്തിയോ ഫയലില്‍ കണ്ടെത്താനായില്ല എന്നതും, അവസാന ബില്ലിന്റെ മെമ്മോ ഓഫ് പേയ്‌മെന്റ് ഓഫീസിലെ ബുക്കില്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നതും കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബി.ജെ.പി യാണ് ഇവിടെ പ്രധാന പ്രതിപക്ഷം. ഇടതുപക്ഷത്തിന് ഒരു സീറ്റ് മാത്രമേ ഉള്ളു. എന്നാല്‍ ഇവരുടെ മൗനവും നാട്ടുകാരില്‍ സംശയത്തിന് കാരണമാകുന്നു. നിലവില്‍ പഞ്ചായത്തിലെ ഭരണ സംവിധാനങ്ങള്‍ താളം തെറ്റിയനിലയിലാണ്. കാര്യമായ വലിയ പദ്ധതികളോ വികസന പ്രവര്‍ത്തനങ്ങളോ യഥാസമയം നടക്കുന്നില്ലയെന്നാണ് നാട്ടുകാര്‍ പറയുന്നത്. നഗരത്തിലെ തെരുവ് വിളക്ക് പോലും കത്താത്ത അവസ്ഥയാണ്. ബദിയടുക്ക മീത്തല്‍ ബസാറില്‍ കാലപ്പഴക്കം ചെന്ന് പൊളിച്ചുമാറ്റിയ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പോലും പുനര്‍നിര്‍മിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല. ടൗണിലെ ബസ്റ്റാന്‍ഡ് പുനര്‍ നിര്‍മിക്കാന്‍ സാധിക്കാത്തതും പഞ്ചായത്തിന്റെ വീഴ്ചയായി കാണുന്നവരാണ് ഏറെയും. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മാണമാരംഭിച്ച ബദിയടുക്ക ടൗണ്‍ ഹാള്‍ തര്‍ക്കത്തെ തുടര്‍ന്ന് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പഞ്ചായത്തില്‍ കൊണ്ടുവരുന്ന മിക്ക പദ്ധതികളും പാതിവഴിലാകുന്നത് ജില്ലയിലെ യു.ഡി.എഫിന് ഏറെ തലവേദനയാണ് ഉണ്ടാക്കുന്നത്.

 

0Shares