വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രസത്തിന് നോമ്പെടുത്തു; ഇപ്പോള്‍ തൊഴിലുപോലും മാറ്റി വെച്ച് നോമ്പിനെ വരവേറ്റു; കാസര്‍കോട്ടെ റോബിന്റെ ജീവിതം ഇങ്ങനെയാണ്.

  • Post category:news
  • Reading time:1 min read
You are currently viewing വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രസത്തിന് നോമ്പെടുത്തു; ഇപ്പോള്‍ തൊഴിലുപോലും മാറ്റി വെച്ച് നോമ്പിനെ വരവേറ്റു; കാസര്‍കോട്ടെ റോബിന്റെ ജീവിതം ഇങ്ങനെയാണ്.

കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് അവില്‍ മില്‍ക്ക് കച്ചവടം ചെയ്യുന്ന റോബിന്‍ സണിന് റമളാനെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. നോമ്പിനെ കുറിച്ച് തന്റെ മുസ്ലീം സുഹൃത്തുക്കളില്‍ നിന്ന് കേട്ടറിഞ്ഞ റോബിന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രസത്തിന് നോമ്പെടുത്ത് തുടങ്ങി. ആദ്യമൊക്കെ ഒന്നോ രണ്ടോ നോമ്പെടുത്ത റോബിന്‍ ഓരോ റമളാനിലും നോമ്പിന്റെ എണ്ണം വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 15 ലധികം നോമ്പ് എടുത്തൂ എന്നാണ് റോബിന്‍ പറയുന്നത്. മുസ്ലീം സുഹൃത്തുക്കള്‍ ചെയ്യുന്നത് പോലെ പുലര്‍ച്ചെ ഏണിറ്റ് അത്താഴം കഴിക്കും. പിന്നീട് അന്നപാനീയങ്ങള്‍ ഒഴിവാക്കുന്ന റോബിന്‍ മഗ്‌രിബ് ബാങ്ക് കേള്‍ക്കുന്നതോടെ നോമ്പ് മുറിക്കും. 34 വര്‍ഷം മുമ്പ് കുടുംബസമേതം കാസര്‍കോട്ടെത്തിയ റോബിന്‍ പാറശ്ശാല ചിന്നൂര്‍ സ്വദേശിയാണ്. 41 കാരനായ ഇദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത് നെല്ലിക്കുന്ന് കടപ്പുറത്താണ്. അച്ഛന്‍ മല്‍സ്യതൊഴിലാളിയായിരുന്നു. കുറെ വര്‍ഷം അച്ഛന്റെ പാത പിന്തുടര്‍ന്ന് വന്ന റോബിന്‍ 2002 മുതലാണ് സുഹൃത്തായ പള്ളങ്കോട്ടെ അഷ്‌റഫിന്റെ സഹകരണത്തോടെ അവില്‍ മില്‍ക്ക് കച്ചവടത്തിലേക്ക് തിരിയുന്നത്.

കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് രാത്രി ഒമ്പത് മണി വരെ കച്ചവടം നടത്തുന്ന റോബിന്‍ തന്റെ അവില്‍ മില്‍ക്ക് കച്ചവടം കൊണ്ട് തന്നെയാണ് ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം പുലര്‍ത്തുന്നതും. എന്നാല്‍ റമളാനില്‍ റോബിന്‍ അവില്‍ മില്‍ക്ക് കച്ചവടം നടത്താറില്ലായെന്നതാണ് പ്രത്യേകത. റമളാനില്‍ പകല്‍ ഭക്ഷണം വിളമ്പുന്നതും വില്‍ക്കുന്നതും മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണല്ലോ.? റമളാന്‍ മാസത്തെ ബഹുമാനിച്ചാണ് ഞാന്‍ കച്ചവടം ഒരു മാസത്തേക്ക് നിര്‍ത്തുന്നതെന്നാണ് റോബിന്‍ പറയുന്നത്. ഇത് കുറേ കാലമായി തുടരുന്നു. മറ്റു മതങ്ങളെ സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് എല്ലാ മത ഗ്രന്ഥങ്ങളും പറയുന്നത്. ഇവിടത്തെ സാമുദായിക സൗഹാര്‍ദതച്ചുടക്കാര്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുകയാണെന്ന് റോബിന്‍ സണ്‍ കൂട്ടിച്ചേര്‍ത്തു. ഇരു സമുദായങ്ങളിലും അകല്‍ച്ച കൂടി വരുന്ന ഇക്കാലത്ത് വര്‍ഗീയതയുടെ പേരില്‍ തമ്മിലടിക്കുന്നവര്‍ക്കുള്ള മാതൃകാപരമായ ഓര്‍മ്മപ്പെടുത്തലുകൂടിയാണ് റോബിന്റെ ഈ തീരുമാനം.

0Shares