എഡിറ്റോറിയല്‍: ലോക പരിസ്ഥിതി ദിനമായ ഇന്ന് ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുകോടി വൃക്ഷതൈകള്‍ നട്ടു കൊണ്ട് കേരളം മറ്റൊരു ചരിത്രം കുറിക്കുകയാണ്. മൂന്ന് കോടിയിലേറെ ജനങ്ങളുള്ള സംസ്ഥാനമാണ് നമ്മുടേത്. ‘മൂന്ന് പേരില്‍ ഒരാള്‍ക്ക് ഒരുതൈ’ എന്ന തോതില്‍ ഒരുകോടി വൃക്ഷതൈകള്‍ നടുന്നതിലൂടെ അക്ഷരാര്‍ത്ഥത്തില്‍ ‘ഹരിത കേരളം’ എന്ന പേര് അന്വര്‍ത്ഥമാകുകയാണ്. ഇത്രയും മഹത്തും ബൃഹത്തുമായ ഒരു സംരംഭം ലോകത്തില്‍ തന്നെ ഇതാദ്യമായിരിക്കാം.! ഒരുകാലത്ത് സസ്യശ്യാമള കോമളമായ കേരളം ഇന്ന് വലിയ ഒരളവോളം ഊഷരഭൂമിയായി മാറിയിരിക്കുകയാണ്. പ്രകൃതിയെ ചൂഷണം ചെയ്തും പരിസ്ഥിതി തകിടം മറിച്ചുമാണ് പിന്നിട്ട അറുപത് സംവല്‍സരങ്ങളിലൂടെ കേരളീയ സമൂഹം മുന്നോട്ട് പോയത്. അതിന്റെ തിക്തഫലങ്ങള്‍ നാം ഇന്നനുഭവിക്കുകയാണ്. പുഴകളും കുന്നുകളും വയലേലകളും കൊണ്ട് സമൃദ്ധമായ കേരളം ഇന്ന് അവയുടെ ചരമഗീതം കേട്ട് നിസ്സഹായരായി നില്‍ക്കുന്നു. മഴയും പുഴയും അന്യം നിന്നുപോയ കേരളത്തിന്റെ സുഖകരമായ കാലാവസ്ഥ എങ്ങോപോയ് മറഞ്ഞിരിക്കുന്നു. ഇടവപ്പാതിയിലും കാലവര്‍ഷം പെയ്യാന്‍ മടിച്ചു നില്‍ക്കുന്ന കാഴ്ച.! എല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. ഇത്തരമൊരു ദശാസന്ധിയിലാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്.

തെറ്റ് തിരുത്തലിന്റേയും ആത്മവിമര്‍ശനത്തിന്റേയും പശ്ചാത്താപത്തിന്റെയും പുനര്‍ വിചിന്തനത്തിന്റെയും മുഹൂര്‍ത്തം കൂടിയാണ് ഇത്. പ്രകൃതിയില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും അകന്നുപോയതിന്റെ കൊടും ശിക്ഷയാണ് ഇപ്പോള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നാണ് അന്തരീക്ഷ മലിനീകരണവും പാരിസ്ഥിതിക പ്രശ്‌നങ്ങളും. ഭൂമിയുടെ കുടയായി വര്‍ത്തിക്കുന്ന ഓസോണ്‍ പാളികള്‍ നേരിടുന്ന ഭീഷണി വളരെ വലുതാണ്. ഭൂഗോളത്തില്‍ മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്. ഈ സാഹചര്യത്തിലാണ് ലോകമെങ്ങും ഇന്ന് പരിസ്ഥിതി ദിനം പൂര്‍വ്വാധികം ഗൗരവത്തോടെ ആചരിക്കുന്നത്. മണ്ണിനെയും മരങ്ങളെയും തൊട്ടറിയാതെയും സ്‌നേഹിക്കാതയും ആദരിക്കാതയുമുള്ള ഒരു വികസനവും അര്‍ത്ഥവത്താകില്ല. പ്രകൃതിയില്‍ നിന്നും നാം എത്രമാത്രം അകലുന്നു, പ്രകൃതിയെ നാം എത്രമാത്രം തകര്‍ത്തെറിയുന്നു, അത്രമാത്രം അതിനുള്ള ശിക്ഷയും നമുക്ക് അനുഭവിക്കേണ്ടി വരുന്നു. ഭൂമിയുടെ ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും നിര്‍ദയം പിച്ചിചീന്തിയ നാം വരും തലമുറകളെ കുറിച്ച് ഒരിക്കലും ഓര്‍ത്തിരുന്നില്ല എന്നുള്ളതാണ് പരമാര്‍ത്ഥം. താല്‍ക്കാലിക ലാഭത്തിന്റെയും സുഖാനുഭവങ്ങളുടെയും ചിന്തമാത്രമാണ് നമ്മെ അടക്കി ഭരിച്ചത്. വൈകിയ വേളയില്‍ വിവേകം ഉദിച്ചപ്പോള്‍ മാത്രമാണ് നാം പ്രകൃതിയിലേക്ക് മടങ്ങാനുള്ള ശ്രമം തുടങ്ങുന്നത്. സര്‍വ്വ നാശത്തില്‍ നിന്നും രക്ഷനേടാന്‍ ഭഗീരഥ പ്രയത്‌നം അനിവാര്യമാണ്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണം അതിനുള്ള തുടക്കമാകട്ടെ…