
വരാപ്പുഴ പെണ്‍വാണിഭ കേസുകളിലൊന്നില്‍ ശോഭാ ജോണ്‍ അടക്കമുള്ള 4 പ്രതികളെ വിചാരണക്കോടതി വിട്ടയച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മറ്റുകേസുകള്‍ കോടതികളുടെ പരിഗണനയിലുണ്ട്.തിരുവനന്തപുരം തിരുമല എംഎസ്പി നഗര്‍ ബഥേല്‍ ശോഭാ ജോണ്‍ (43), തിരുവനന്തപുരം ശാസ്തമംഗലം കഞ്ഞിരമ്പാറ അരുതക്കുഴി തച്ചങ്കേരി അനില്‍ കുമാര്‍ (കേപ് അനി-39), പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവരെയാണ് എറണാകുളം അഡീ. സെഷന്‍സ് കോടതി വിട്ടയച്ചത്.

2011 ജൂണ്‍ 23 ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ശോഭാജോണില്‍ നിന്നു പെണ്‍കുട്ടിയുടെ മാതാവ് 1 ലക്ഷം രൂപ വാങ്ങി മകളെ അനാശാസ്യ പ്രവര്‍ത്തനത്തിനായി നല്‍കി എന്ന് ആരോപിച്ചാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പോലീസ് നടത്തിയ തുടരന്വേഷണത്തില്‍ പെണ്‍കുട്ടിയെ പഠിപ്പിക്കുമെന്ന വിശ്വാസത്തിലാണ് നല്‍കിയതെന്നും പണം വാങ്ങിയിട്ടില്ലെന്നും മൊഴികള്‍ മാറി. ആദ്യം ഉയര്‍ത്തിയ ആരോപണം പോലീസ് തന്നെ പിന്നീടു തള്ളിയതോടെ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി വിട്ടയയ്ക്കുകയായിരുന്നു.
