ന്യൂഡല്‍ഹി: കേരളം അടക്കം രാജ്യത്തെ എട്ട് സംസ്ഥാനങ്ങളെ വരള്‍ച്ചാ ബാധിത പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് വരള്‍ച്ചാ ബാധിത സംസ്ഥാനത്തിന് ലഭിക്കുന്ന 3000 കോടി രൂപ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍വരെ കാലയളവിനുള്ളിലാണ് അനുവദിച്ച തുക കേരളത്തിന് ലഭിക്കുന്നത്. എട്ട് സംസ്ഥാനങ്ങള്‍ക്കും കൂടി 24,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. തുകയുടെ 65 ശതമാനം കുടിവെള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജസ്ഥാന്, മദ്ധ്യപ്രദേശ്, കര്‍ണ്ണാടക, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവയെയാണ് കേരളത്തിനു പുറമേയുള്ള വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 50 അധിക തൊഴില്‍ ദിനങ്ങള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച വര്‍ഷമാണ് ഇത്. എല്‍നിനോ പ്രതിഭാസം ഉണ്ടായതാണ് കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയാന്‍ ഇടയാക്കിയത്. മഴ ലഭിക്കാതെ വന്നതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് കേരളത്തെ വരള്‍ച്ചാ ബധിത പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.