കാസര്‍കോട്: ബസ് കണ്ടക്ടര്‍ വരദരാജ പൈയുടെ അമ്പതാമത് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പൈയുടെ സഹ പ്രവര്‍ത്തകരെ 12 നു സി.ഐ.ടി.യു ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ സമരത്തിനിടെ ബസ് കണ്ടക്ടറെ ബസ് കയറ്റി ക്രൂരമായി കൊലപ്പെടുത്തിയ 1968 ലെ സംഭവം കാസര്‍കോടിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായിരുന്നു. ബസ് കയറ്റുന്നതിനിടേ പരിക്കുകളോടെ രക്ഷപ്പെട്ട പി.കെ മുഹമ്മദ്, ബി ശങ്കരപ്പ നായക്, സീന എന്നിവരെയാണ് ആദരിക്കുന്നത്.
12 ന് സ്മൃതിമണ്ഡപത്തില്‍ പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തും. പുഷ്പാര്‍ച്ചനയും നടത്തും. വൈകിട്ട് നാലിന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി രാഘവന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍. സികെ പി പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തും. 10, 11, 12 തിയതികളില്‍ ജനറല്‍ ആശുപത്രി രക്തബാങ്കിലേക്ക് 50 തൊഴിലാളികള്‍ വീതം രക്തം ദാനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ ഭാസ്‌കരന്‍, ചെയര്‍മാന്‍ കെ മുഹമ്മദ് ഹനീഫ്, എ നാരായണന്‍, കെ രവീന്ദ്രന്‍, ഗിരികൃഷ്ണന്‍ സംബന്ധിച്ചു.
വരദരാജ പൈയുടെ സഹപ്രവര്‍ത്തകരെ വ്യാഴാഴ്ച സി.ഐ.ടി.യു ആദരിക്കും