
വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ അണക്കെട്ട് ശനിയാഴ്ച ഉച്ചക്ക്മൂ ശേഷം മൂന്നു മണിയോടെ തുറക്കും. ഒന്‍പത് മണിക്ക് ശേഷം ഡാം തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. എട്ടു മണി മുതല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് ഡാം തുറക്കുക. സമീപപ്രദേശങ്ങളിലുള്ളവരെ മാറ്റുന്നുണ്ട്.
ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.കനത്ത ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ വാഹനങ്ങള്‍ എത്തിക്കാന്‍ കഴിയാത്തത് രക്ഷപ്രവര്‍ത്തകരെ വലയ്ക്കുന്നു. സൈന്യത്തിനും ദേശീയ ദുരന്തനിവാരണ സേനക്കും അവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല. വഴി സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുവഹനങ്ങള്‍ എത്താത്തതും രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.

കാസര്‍കോട് ഭീമനടിയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇവിടെ ഇപ്പോഴും മഴയും കാറ്റും തുടരുകയാണ്. ഇടുക്കിയില്‍ രാത്രി മഴ കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ റണ്‍വേയിലെ ജലനിരപ്പ് കുറഞ്ഞു.
ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. ഏതാനും ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഷോര്‍ണൂര്‍-മംഗലാപുരം റൂട്ടില്‍ ദുരിതം തുടരുകയാണ്. ദുരന്തസാധ്യതയുള്ള മറ്റു പ്രദേശങ്ങളില്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നു. ഇപ്പോള്‍ ഇരുനൂറോളം ക്യാമ്പുകളിലായി ഇരുപത്തയ്യായിരത്തോളം ആളുകള്‍ താമസിക്കുന്നു. കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാനുള്ള സാദ്ധ്യതകള്‍ ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്.
