
രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റിപിടിക്കാന്‍ ഒരുങ്ങുകയാണ് ഇടതുപക്ഷവും ബി.ജെ.പിയുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നേരിടാന്‍ യെച്ചുരി അടക്കമുള്ള നേതാക്കളെ എത്തിക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുമ്പോള്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും വയനാട്ടില്‍ എത്തിച്ച് പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാനാണ് എന്‍.ഡി.എയുടെ തീരുമാനം.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തുന്നുവെന്നറിഞ്ഞ എല്‍.ഡി.എഫ് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷനെ തോല്‍പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണിപ്പോള്‍. രാഹുൽ മത്സരിക്കുന്നതിനോട് ആദ്യം മൃദുസമീപനം സ്വീകരിച്ച സീതാറാം യച്ചൂരി പി.പി സുനീറിന് വോട്ടുചോദിക്കാൻ വയനാട്ടിലെത്തും.
അതേസമയം, വയനാട്ടിലെത്തിയ സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ രാഹുലിന്‍റെ ഈ തീരുമാനം ബുദ്ധിശൂന്യമായിപ്പോയെന്ന്‍ പ്രതികരിച്ചു. പ്രചാരണം മുഴുവൻ രാഹുലിനെതിരെ കേന്ദ്രീകരിക്കുമ്പോഴും എൻ.ഡി.എ സ്ഥാനാര്‍ത്ഥി തുഷാറിന് കെട്ടിവച്ച കാശ് നഷ്ടപ്പെടുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.
