
കാസര്‍കോട്: വനിതാ മതിലില്‍ അണിചേര്‍ന്ന സ്ത്രീകളുടെ മഹാ പ്രവാഹത്തില്‍ ബി.ജെപി ആര്‍എസ്.എസ് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് സമനില തെറ്റിയെന്ന് എല്‍.ഡി.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. മറ്റൊരുപ്രസ്ഥാനത്തിനും കാണാത്ത സംഘാടനവും പിന്തുണയും കണ്ടപ്പോഴുള്ള അസഹിഷ്ണുതയാണ് വനിതാ മതിലിന് നേരെയുള്ള അക്രമം നടത്താന്‍ സംഘപരിവാറിന് കാരണമായതെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിരായുധരായ സ്ത്രീകള്‍ക്കെതിരേയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായും സംഘപരിവാര്‍ ഏകപക്ഷീയമായി നടത്തിയ ആക്രമണങ്ങളെ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ജില്ലാ നേതൃത്വം ആസൂത്രണം നടത്തിയാണ് വനിതാ മതിലിനെതിരേ ബി.ജെ.പി -ആര്‍.എസ്.എസ് അക്രമങ്ങള്‍ നടത്തിയത്. ബി.ജെ.പി തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി ആക്രമണ ഭീഷണി ഉയര്‍ത്തിയിരുന്നു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് താമസിക്കുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കുന്നു. അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമത്തിന് പ്രേരിപ്പിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരേ നിയമ നടപടിക്ക് വിധേയമാക്കണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്കെതിരേ ജില്ലയിലുടനീളം പ്രതിഷേധങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നു ജില്ലാകണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, എം.വി ബാലകൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബി.വി രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.