
കോട്ടയം: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ചു എന്നതുമായി ബന്ധപ്പെട്ട് കേസെടുക്കുമെന്നറിയിച്ച വനിതാ കമ്മീഷനെ പരിഹസിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നും തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, നടിക്കെതിരെ വിവിധയിടങ്ങളില്‍ അപകീര്‍ത്തികരമായ സംഭാഷണങ്ങളും പരാമര്‍ശങ്ങളും നടത്തിയതുമായി ബന്ധപ്പെട്ട് ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുമെന്നാണ് വനിതാകമ്മിഷന്‍ അറിയിച്ചത്. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം തിരുവനന്തപുരത്തു വച്ച് ഒരുമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പി.സി ജോര്‍ജ് പരിഹസിച്ചു. കമ്മീഷന്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടത്. നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താന്‍ സഹകരിക്കാം. ആദ്യം നിങ്ങള്‍ നല്ല കാര്യം ചെയ്യൂ. അല്ലാതെ എന്റെ മൂക്ക് ചെത്താന്‍ ഇങ്ങോട്ടു വരേണ്ട. ഇതുകൊണ്ടും താന്‍ പേടിക്കില്ലെന്നും അതിന് വേറെ ആളെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഒന്നും തന്നെ കിട്ടില്ല. അപമാനിക്കപ്പെടാന്‍ വേണ്ടി നടക്കുന്ന സ്ത്രീകളെുടെ ഗുണവതികാരം പറയുമ്പോള്‍ വേദനിച്ചിട്ട് കാര്യമില്ല. തനിക്കും ഭാര്യയും അമ്മയും മകളും പെങ്ങളുമുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ 100 ശതമാനം ബോധ്യത്തോടെയാണ് പറഞ്ഞത്. ഒരു വനിതയുടെയും അഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പേരു പറഞ്ഞിട്ടില്ല. കേസന്വേഷണത്തിലെ പോലീസിന്റെ പാളിച്ചയാണ് ചൂണ്ടിക്കാട്ടിയതെന്നും പി.സി പറയുന്നു.
