വനിതകള്‍ക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ മുസ്ലിം ലീഗ് അവസരം നല്‍കുമോ? വനിതാ ലീഗിൻ്റെ ഇടപെടല്‍ മഞ്ചേശ്വരത്ത് നിര്‍ണായകം

  • Post category:news
  • Reading time:1 min read
You are currently viewing വനിതകള്‍ക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ മുസ്ലിം ലീഗ് അവസരം നല്‍കുമോ? വനിതാ ലീഗിൻ്റെ ഇടപെടല്‍ മഞ്ചേശ്വരത്ത് നിര്‍ണായകം

ഹാരിസ് പുണ്ടൂര്‍

കോഴിക്കോട്/ കാസര്‍കോട്: നിയമസഭയിലേക്ക് മുസ്ലിംലീഗില്‍ നിന്നും വനിതകളെ മത്സരിപ്പിച്ച ചരിത്രം ലീഗിനുണ്ടായിട്ടില്ല. എന്നാല്‍ അതിനൊരു മാറ്റം വരുത്താന്‍ മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പിനെ പ്രയോജനപ്പെടുത്തുമോയെന്നാണ് രാഷ്ട്രീയ നിരീഷകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പിലും വനിതകള്‍ക്ക് മുസ്ലിംലീഗ് സീറ്റ് നല്‍കാത്ത വിഷയം ചര്‍ച്ചയായിരുന്നു. സ്ത്രീസംവരണവും സ്ത്രീശാക്തീകരണവും പ്രാമുഖ്യമുള്ള ഇക്കാലത്ത് മുസ്ലിംലീഗ് പഴയരീതി തുടരുന്നതില്‍ വനിതാ ലീഗ് കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തിയിരുന്നത്. അതിനാല്‍ വനിതാ ലീഗിനെ തൃപ്തിപ്പെടുത്താനും മഞ്ചേശ്വരം മണ്ഡലത്തെ കൂടുതല്‍ ശക്തിപ്പെടുത്താനായും വനിതകള്‍ക്ക് പ്രാധാന്യം നല്‍കുമോ എന്നതാണ് പ്രധാന ചോദ്യം?സ്ഥാനാര്‍ഥിയാകാന്‍ എം.എല്‍.എ മോഹവുമായി മുതിര്‍ന്ന ലീഗ് നേതാക്കളടക്കം നിരവധിപേര്‍ മഞ്ചേശ്വരത്ത് രംഗത്തുണ്ട്. തെരഞ്ഞടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയെ ചൊല്ലി അഭിപ്രായഭിന്നത രൂപപ്പെടാതിരിക്കാന്‍ സംസ്ഥാന നേതൃത്വം വലിയ ജാഗ്രതയാണ് പാലിക്കുന്നത്. സ്ഥാനാര്‍ഥി വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ചര്‍ച്ചകളും സംസ്ഥാന നേതൃത്വം വളരെ പ്രാധാന്യത്തോടെ നിരീക്ഷിക്കുന്നുണ്ട്. അഭിപ്രായ ഭിന്നത രൂപപ്പെട്ടാല്‍ 2006 ആവര്‍ത്തിക്കുമോയെന്ന ഭയവും ലീഗ് നേതൃത്വത്തിനുണ്ട്. അന്ന് ചെര്‍ക്കളം അബ്ദുല്ലയുടെ തോല്‍വിക്ക് കാരണമായതും സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള ലീഗിനകത്തെ ആഭ്യന്തര യുദ്ധമായിരുന്നു. ലീഗിലെത്തന്നെ ഒരു വിഭാഗം ഇക്കാര്യങ്ങള്‍ ചൂണ്ടികാണിക്കുന്നുണ്ട്. അതിന് പുറമെ ഇ.കെ, എ.പി വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിതിരിവും കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു.

വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചിട്ടും കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പി.ബി അബ്ദുല്‍ റസാഖിന്റെ ഭൂരിപക്ഷം കുറയാന്‍ ഇടയായതും ഇ.കെ, എ.പി വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിതിരിവും കാരണമായതായി പറയുന്നു. കേവലം 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരം മണ്ഡലത്തെ മുസ്ലിം ലീഗിലെ പി.ബി അബ്ദുല്‍ റസ്സാഖ് നിലനിര്‍ത്തിയത്. ബി.ജെ.പി ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന മഞ്ചേശ്വരത്ത് വീണ്ടും തിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്ന സാഹചര്യത്തില്‍ ശക്തനായ ഒരു യു.ഡി.ഫ് സ്ഥാനാര്‍ത്ഥിയെ മുസ്ലിം ലീഗിന് തിരഞ്ഞെടുപ്പ് ഗോദയിലിറക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ലീഗ് നേതൃത്വം നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് പ്രാധാന്യം ഏറെയാണ്.

https://www.youtube.com/watch?v=yP4U5Lx_6Cs&fbclid=IwAR2rH-hfDoikwgY2yJwx2bwOAnlYCoqMgX9IipmjDFiQWULCUmVgBie2B0A

 

0Shares