കാസര്‍കോട്: മീനമാസത്തിലെ കാര്‍ത്തീക നാള്‍ പിറന്നതോടെ വടക്കേ മലബാറിലെ കാവുകളും കഴകങ്ങളും ഇനി പൂവിളിയുടെയും പൂരക്കളിയുടെയും നാളുകള്‍ കൊണ്ട് സജീവമാകും. വടക്കേ മലബാറുകാരുടെ ദേശീയോല്‍സവമാണ്. മീനമാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം നാള്‍വരെ ആഘോഷിക്കുന്ന ഉല്‍സവമാണ് പൂരം. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ ശാലിയ പൊറാട്ടോടെയാണ് പൂരോല്‍സവത്തിന് തുടക്കമായത്. മേളപ്പെരുക്കങ്ങളും കരിമരുന്നു പ്രയോഗവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും നിറയുന്ന തെക്കിന്റെ പൂരമായ തൃശൂര്‍ പൂരത്തില്‍ നിന്നു വ്യത്യസ്തമാണ് വടക്കന്‍ കേരളത്തിന്റെ പൂരം. പൂവിളി, പൂരക്കളി, പൂരംകുളി തുടങ്ങി വടക്കന്‍ പൂരത്തിന് ചന്തം ചാര്‍ത്തുന്ന കാഴ്ചകള്‍ ഏറെയാണ്. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം എന്നിവ ഒരുമാസക്കാലം പൂരോല്‍സവം നടത്തുന്ന ക്ഷേത്രങ്ങളാണ്. കാസര്‍കോടിന്റെ സാംസ്‌കാരികപെരുമയിലെ മറ്റൊരു പ്രധാന കലാരൂപമാണ് ശാലിയ പൊറട്ട്. മലബാറിലെ ശാലിയ സമുദായാക്കാര്‍ക്കിടയില്‍ കാണുന്ന ഒരു അനുഷ്ഠാനകലയും രംഗകലയുമാണ് പൊറാട്ട് അഥവാ ശാലിയ പൊറാട്ട്. പൂരോത്സവവുമായി ബന്ധപ്പെട്ടാണ് പൊറാട്ട് അരങ്ങേറുന്നത്. ഭഗവതി ക്ഷേത്രങ്ങളില്‍ മീനമാസത്തിലെ കാര്‍ത്തികയിലാണ് പൂരോത്സവത്തിന് തുടക്കം കുറിക്കുന്നത്. പൊറാട്ട് ആഘോഷം തുടങ്ങുന്നത് പിലിക്കോട് തെരുവില്‍ വച്ചാണ്. പൂരവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ് പൂരമാലയും പൂരംകുളിയും പൂരക്കളിയും പൂവിടലും. നീലേശ്വരത്തും കരിവെള്ളൂരും പൂരംകുളി നാളിനു തലേദിവസവും വെള്ളൂര്‍, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, ഉദുമ എന്നീ പ്രദേശങ്ങളില്‍ പൂരംകുളി ദിവസവും പയ്യന്നൂരില്‍ പൂരംകുളിക്കു ശേഷവുമാണ് ശാലിയ പൊറാട്ട് നടക്കുന്നത്.
പുരാണ കഥകളുമായി ബന്ധപ്പെട്ട ഈ കലാരൂപം പുതിയ കാലഘട്ടത്തില്‍ ആവശ്യമായ ഭേദഗതികളോടെയാണു ഇപ്പോള്‍ അവതരിപ്പിക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് ആക്ഷേപ ഹാസ്യരൂപത്തിലാണ് അവതരിപ്പിക്കുന്നത്. പൊറാട്ട് വേഷങ്ങള്‍ അവരുടെ വായ്ത്താരി കൊണ്ടു കാലികപ്രശ്‌നങ്ങളെ കുറിക്കു കൊള്ളുന്ന വിധം ആവിഷ്‌കരിക്കുന്നു. ക്ഷേത്രസമീപത്തെ അല്‍തറയാണ് ഇതിന്റെ രംഗവേദി. വ്യത്യസ്ത വേഷഭൂഷാദികള്‍ അണിഞ്ഞാണ് കഥാപാത്രങള്‍ അഭിനയത്തിലൂടെ പൊറാട്ട് അവതരിപ്പിക്കുന്നത്. പുരുഷന്മാര്‍ തന്നെയാണ് സ്ത്രീകളുടെ വേഷങള്‍ അണിയുന്നത്. നാടന്‍ ഭാഷയിലൂടെ സാധാരണക്കരുമായി എളുപ്പം സംവദിക്കുന്ന ഈ കലാരൂപം ഇന്ന് അവസാന തലമുറയിലൂടെയാണിന്നു കടന്നുപോവുന്നത്. പിലിക്കോട് രയരമംഗലം ഭഗവതീക്ഷേത്രത്തില്‍ നടന്ന പൊറാട്ടില്‍ സംസ്ഥാനത്തെ പ്രധാന ഫലമായ ചക്കയും ആധാര്‍ ലിങ്കും വിഷയങ്ങളായി. പൂരവുമായി ബന്ധപ്പെട്ട് പൂരംകുളിക്ക് മുമ്പായാണ് ഓരോ ക്ഷേത്രത്തിലെയും പൂരക്കളി മറത്തുകളി നടന്നു വരുന്നത്. തീയ്യ സമുദായങ്ങളുടെ പൂമാലക്കാവുകളിലും മറ്റു ദേവ സ്ഥാനങ്ങളിലുമാണ് പൂരക്കളിയും മറത്തുകളിയും പ്രധാനമായും ആഘോഷമായി കൊണ്ടാടുന്നത്. കന്യകമാര്‍ക്ക് പൂരക്കാലം വ്രതാനുഷ്ഠാനത്തിന്റെ ദിനങ്ങളാണ് പൂരക്കാലം. കാമപൂജയാണ് പൂരത്തിന് മുഖ്യം. പെണ്‍കൊടിമാര്‍ ഈ ദിനങ്ങളില്‍ കാമദേവനെ പൂവിട്ടു പൂജിക്കും. ചെമ്പകപ്പൂവുകൊണ്ടാണ് മലരമ്പനെ ഒരുക്കുന്നത്. കട്ടപ്പൂവ്, മുരിക്കിന്‍പൂവ്, വയറപ്പൂവ്, മുല്ലപ്പൂവ് തുടങ്ങിയവയാണ് പൂരപ്പൂക്കള്‍. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും പൂക്കള്‍ ശേഖരിച്ചു നല്‍കാനുണ്ടാവും. പൂരദിനത്തിലാണ് പൂവിട്ടു പൂജിച്ച കാമദേവനെ യാത്രയാക്കുക. അന്ന് കാമദേവന് പൂരക്കഞ്ഞിയും പൂരടയും നിവേദിക്കും. ‘നേരത്തേ കാലത്തേ വരണേ കാമാ’ എന്ന് അടക്കം പറഞ്ഞാണ് കാമനെ യാത്രയയക്കുക.
വടക്കേ മലബാറില്‍ ഇനി പൂവിളിയുടെയും പൂരക്കളിയുടെയും നാളുകള്‍; പൂരോല്‍സവത്തിന് തുടക്കമിട്ട് പിലിക്കോട് രയരമംഗലം ഭഗവതീക്ഷേത്രത്തിലെ ശാലിയപൊറാട്ട്