കാസര്‍കോട്: വടക്കന്‍ കേരളത്തില്‍ രാത്രിയില്‍ വലിയ തോതിലുള്ള കടലാക്രമണമുണ്ടായി. പൊന്നാനി മുതല്‍ കാസര്‍കോട് ജില്ല വരെയുള്ള തീരപ്രദേശങ്ങളില്‍ കടലാക്രമണം ഉണ്ടായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ തീരത്ത് നിന്നും മാറ്റി. രാത്രി 8 മണിക്ക് ചെറിയ തോതില്‍ ആരംഭിച്ച കടലാക്രമണം 10 മണിയോടെ ശക്തി പ്രാപിക്കുകയായിരുന്നു. പൊന്നാനി ലൈറ്റ് ഹൌസിന്റെ ഭിത്തി തകര്‍ന്നു. മലപ്പുറം ജില്ലയിലെ വെളിയംകോടും കടലാക്രമണം ഉണ്ടായി. കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും ശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി. കോഴിക്കോട് ബീച്ചില്‍ നിന്നും വിനോദസഞ്ചാരികളെ പൊലീസ് മാറ്റി.
കപ്പക്കലിലെ വീടുകളിലേക്ക് വെള്ളം കയറി. കാപ്പാട്, തൂവപ്പാറ, പൊയില്‍ക്കാവ്, വടകര എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. വെള്ളയില്‍ ഹാര്‍ബറിലേക്കും കടല്‍ കയറി. സമീപത്തെ പുഴകളിലേക്ക് കടല്‍ കയറിയത് പുഴയിലെ ജലനിരപ്പ് ഉയരുന്നതിന് കാരണമായി. കണ്ണൂര്‍ ജില്ലയിലെ തയ്യില്‍, കണ്ണൂര്‍ സിറ്റി, മൈതാനപ്പള്ളി എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറി. കാസര്‍കോട്, കാഞ്ഞങ്ങാട് എന്നീ തീരപ്രദേശങ്ങളിലും വലിയ രീതിയിലുള്ള കടലാക്രമണം നടന്നു. പളളിക്കരയിലും കാഞ്ഞങ്ങാടും കടല്‍ കരയിലേക്ക് കയറി കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് തീരദേശത്തുളളവര്‍ ആശങ്കയിലാണ്. കുമ്പള കോയിപ്പാടി കടപ്പുറത്ത് തിരമാലകള്‍ റോഡിലേക്ക് കയറി. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാഴ്ന്നിരിക്കുകയാണ്. മൊഗ്രാല്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.
തിരമാലകള്‍ ശക്തിപ്രാപിച്ചതോടെ തീരദേശവാസികള്‍ വലിയ ആശങ്കയിലാണ്. പാതിരാത്രിയിലും വീടുകളില്‍ കയറാനാകാതെ ഭയന്നാണ് തീരദേശ വാസികള്‍ കഴിയുന്നത്. അടുത്ത 24 മണിക്കൂറില്‍ 45-65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായകാറ്റിനും ശക്തമായ മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ അതീവജാഗ്രതാ മുന്നറിയിപ്പ് നല്‍കി. അതേസമയം കാസര്‍കോട് ഉള്‍പെടെയുള്ള തീരദേശ മേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് കാണിച്ച് പോലീസ് മൈക്ക് അനൗണ്‍സ്മെന്റും നടത്തി.
നെല്ലിക്കുന്ന് കടപ്പുറത്ത് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞിട്ടുണ്ട്. നീലേശ്വരം തൈക്കടപ്പുറത്തുനിന്നും കാണാതായ സുനിലിനെ കണ്ടെത്താനായി ഫിഷറിസ് വകുപ്പിന്റെ ബോട്ടും കോസ്റ്റല്‍ പോലിസിന്റെ ബോട്ടും തിരച്ചില്‍ നടത്താന്‍ നിര്‍ദേശിച്ചിച്ചിട്ടുണ്ടെന്ന് എ.ഡി.എം എന്‍ ദേവിദാസ് അറിയിച്ചു. വാടകക്കെടുത്തെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മംഗളൂരു കോസ്റ്റല്‍ സേനയുടെ ഒരു കപ്പലും ബോട്ടും ഇന്നു രക്ഷാപ്രവര്‍ത്തനത്തിനായ് എത്തുമെന്ന് കലക്ടര്‍ അറിയിച്ചു. മംഗളൂരുവില്‍ നിന്നും കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം തിരച്ചില്‍ മതിയാക്കി തിരിച്ചുപോയി. ഞായറാഴ്ച എറണാകുളത്തു നിന്നും കോസ്റ്റ്ഗാര്‍ഡിന്റെ ചെറുകപ്പല്‍ തിരച്ചിലിനെത്തുമെന്ന് കലക്ടര്‍ അറിയിച്ചു.

വടക്കന്‍ കേരളത്തില്‍ പലയിടത്തും കടലാക്രമണം; 24 മണിക്കൂര്‍ നേരത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദേശം