കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കന്‍ മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. അടുത്ത രണ്ടുദിവസംകൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കനത്ത മഴ തുടരുകയാണ്. നേരത്തെ കനത്ത നാശനഷ്ടങ്ങളുണ്ടായ വയനാട്ടിലും ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. ഇടയ്ക്ക് മാറി നിന്നെങ്കിലും വീണ്ടും മഴ പെയ്യുന്നതായാണ് വിവരം. നേരത്തെ ഉരുള്‍പ്പൊട്ടിയ കുറിച്ച്യന്‍ മലയിലും മക്കിമലയിലും ഉരുള്‍പ്പൊട്ടല്‍ ഭീഷണി തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, വയനാട്, ആലപ്പുഴ എന്നി ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങളെല്ലാം ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുത്തപ്പന്‍ പുഴയിലും ഇരവഴിഞ്ഞി പുഴയിലും ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടിയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി എട്ടരയോടെയാണ് സംഭവം. സമീപത്ത് ബസ് കാത്ത് നിന്ന രണ്ട് പേര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയമുണ്ട്. കൊന്നക്കാട്ടേക്കുള്ള ബസിന് യാത്ര ചെയ്യാന്‍ കാത്തുനിന്നവരാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ പിന്നിടുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ മണ്ണിനടിയില്‍ പെട്ടെന്ന് പറയപ്പെടുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞു കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഭീമനടി നീലീശ്വരം റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ കനത്ത കാറ്റിലും മഴയിലും ഒരാളെ കാണാതായി. ഉഡുപ്പി വെനൂര്‍ മദ്യരപ്പുവിലെ നിര്‍മാണത്തൊഴിലാളിയായ ബോയി ദാസ(65)യെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സ്‌കൂളുകള്‍ക്കും പി.യു.കോളേജുകള്‍ക്കും ചൊവ്വാഴ്ചയും ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
വടക്കന്‍ കേരളത്തില്‍ കനത്ത മഴ; വെള്ളരിക്കുണ്ടില്‍ റോഡില്‍ മണ്ണിടിഞ്ഞു