വടക്കന്‍ കേരളത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പരിഗണന: മന്ത്രി ഇ ചന്ദ്രശേഖരന്‍

  • Post category:local news
  • Reading time:1 min read
You are currently viewing വടക്കന്‍ കേരളത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പരിഗണന: മന്ത്രി ഇ ചന്ദ്രശേഖരന്‍

മടിക്കൈ: വടക്കന്‍ കേരളം വിവിധമേഖലകളില്‍ നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രധാന പരിഗണയാണ് നല്‍കുന്നതെന്നും ജില്ലയില്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ വികസന പദ്ധതികള്‍ക്ക് അനുമതിലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. മടിക്കൈ അമ്പലത്തുകരയില്‍ ഹൊസ്ദുര്‍ഗ്-നീലേശ്വരം-മടിക്കൈ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ഭരണ-സാങ്കേതികാനുമതി ലഭിക്കുന്നതിന് കാലതാമസമുണ്ടാകരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മലബാര്‍പാക്കേജിലെനന്തുപോലെ കിഫ്ബി പദ്ധതികളിലും അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രധാന പരിഗണന നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ രണ്ട് ബജറ്റുകളിലും പ്രഖ്യാപിച്ചവ നടപ്പാക്കും. പുതിയ പദ്ധതികള്‍ അടുത്ത ബജറ്റിലേക്ക് നല്‍കും. ഹൊസ്ദുര്‍ഗില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരം കൊണ്ട് നീലേശ്വരത്ത് എത്താം. മടിക്കൈ പഞ്ചായത്ത് നിവാസികള്‍ക്ക് തൊട്ടടുത്ത പട്ടണങ്ങളുമായി ബന്ധപ്പെടാന്‍ ഉപകരിക്കുന്ന വിധമാണ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ദേശീയ പാതാ വിഭാഗം അസി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.ജെ കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം കേളു പണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം കുഞ്ഞമ്പു, രാഷ്ട്രീയകക്ഷിപ്രതിനിധികളായ ബങ്കളം പി കുഞ്ഞിക്കൃഷ്ണന്‍, പി.വി സുരേഷ്, കൈപ്രത്ത് കൃഷ്ണന്‍നമ്പ്യാര്‍, പി.പി രാജു, സി.വി ദാമോദരന്‍, ജ്യോതിബസു സംസാരിച്ചു മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ സ്വാഗതവും ദേശീയപാതാ വിഭാഗം അസി എഞ്ചിനീയര്‍ കെ രാജീവന്‍ നന്ദിയും പറഞ്ഞു.

0Shares