കാസര്‍കോട്: പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സര്‍വ്വജ്ഞപീഠം ആട്ടക്കഥാസാരം സി.ഡി രൂപത്തിലാക്കി. പട്ടികവര്‍ഗവികസന വകുപ്പിന്റെ സഹകരണത്തോടെ നാട്യരത്നം കണ്ണന്‍പട്ടാളി സ്മാരക കഥകളി ട്രസ്റ്റാണ് ആട്ടക്കഥാസാരം പൊതുജനങ്ങള്‍ക്കു സി.ഡി രൂപത്തില്‍ ലഭ്യമാക്കുന്നത്. പ്രൊഫ.ജനാര്‍ദ്ദനന്‍പോറ്റി രചനയും കലാമണ്ഡലം രാമകൃഷ്ണന്‍ ഗാനാവിഷ്‌ക്കാരവും നിര്‍വഹിച്ച സര്‍വ്വജ്ഞപീഠം ചിട്ടപ്പെടുത്തിയത് കലാനിലയം വാസുദേവനാണ്. ആട്ടക്കഥ യുട്യൂബിലും ലഭ്യമാക്കുന്നുണ്ട്. ജാതീയ ഉച്ചനീചത്വങ്ങള്‍ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചുപറയാന്‍ ധൈര്യം കാട്ടിയ ഒരു കീഴ് ജാതിക്കാരന്റെ ഐതിഹ്യമാണു പൊട്ടന്‍ തെയ്യത്തിനു പിറകിലുള്ളത്. ഭാരതത്തില്‍ ജനിച്ച താന്‍ പുണ്യവാനാണെന്നും സര്‍വ്വവിദ്യയും ഗ്രഹിച്ച് തീര്‍ത്ഥാടനം നടത്തിയ താന്‍ പരിശുദ്ധനാണെന്നും വിചാരിച്ച ശങ്കരാചാര്യര്‍ സര്‍വ്വജ്ഞപീഠത്തിലേക്കുളള തന്റെ യാത്രയില്‍ അവര്‍ണരെ കണ്ടു തീണ്ടാപ്പാടുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. അന്ധവിശ്വാസങ്ങളും വര്‍ണഭേദചിന്തയും ശങ്കരനില്‍ നിന്ന് അവസാനിപ്പിക്കുന്നതിന് ചണ്ഡാള രൂപനായി പരമശിവന്‍ ശങ്കരനെ സമീപിച്ച് അദ്വൈത ചിന്ത പകര്‍ന്നു നല്‍കുന്നു. ഏകനായ ഈശ്വരന്റെ ദൃഷ്ടിയില്‍ എല്ലാവരും ഒന്നുപോലെയാണെന്ന് ധരിപ്പിക്കുന്നു. തന്റെ മനസ്സില്‍ നിറഞ്ഞുകൂടിയ ജാതിചിന്തകള്‍ അസ്തമിച്ചെന്ന് ശങ്കരന്‍ പറയുന്നു. ചണ്ഡാള വേഷം പൂണ്ട ശിവനെ ഗുരുവായി സ്വീകരിച്ച് ശങ്കരാചാര്യര്‍ പാദങ്ങളില്‍ നമസ്‌കരിക്കുന്നു. ചണ്ഡാള രൂപം ത്യജിച്ച് ശിവന്‍ ദര്‍ശനം നല്‍കുന്നു. മനുഷ്യസമൂഹത്തിലെ ദുരാചാരങ്ങള്‍ അവസാനിപ്പിക്കണമെന്നു അദ്വൈത സിദ്ധാന്തം പ്രചരിപ്പിക്കാന്‍ ശങ്കരനെ അനുഗ്രഹിക്കുന്നതാണ് ആട്ടക്കഥാ സാരം.
കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു എ.ഡി.എം എച്ച് ദിനേശന് നല്‍കി സി.ഡി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എ.എം ശ്രീധരന്‍, വൈസ് ചെയര്‍മാന്‍ സതീശന്‍ നമ്പ്യാര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അനന്തകൃഷ്ണന്‍, ട്രസ്റ്റ് അംഗങ്ങളായ ഡോ. വി ബാലകൃഷ്ണന്‍, സുമ മാധവന്‍, ഭാസ്‌കരന്‍ ഉദുമ, മുന്‍ ജില്ലാ ട്രൈബല്‍ ഓഫീസര്‍ കെ കൃഷ്ണപ്രകാശ്, വി സുകുമാരന്‍, പി മുരളീധരന്‍, രാഘവന്‍, എന്‍ ദേവിദാസ്, എ കെ രമേന്ദ്രന്‍, കെ രവികുമാര്‍, ജയലക്ഷ്മി കെ എന്നിവര്‍ സി ഡി പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു. 
വടക്കന്‍ കേരളത്തിന്റെ പ്രധാന തെയ്യക്കോലമായ പൊട്ടന്‍ തെയ്യത്തിന്റെ ആട്ടക്കഥാസാരം ഇനി സി.ഡി രൂപത്തിലും