
കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഇക്കുറി വടകര മണ്ഡലത്തില്‍ നടക്കുന്നത്. സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷവും കോണ്‍ഗ്രസും വടകരയിലെ വിജയം അഭിമാനപ്രശ്നമായി കാണുമ്പോള്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിനായി ബി.ജെ.പിയും മണ്ഡലത്തില്‍ സജീവമാണ്. കോഴിക്കോടിനോടും കന്നൂരിനോടും അടുത്ത് നില്ക്കുന്ന വടകരയുടെ മനസ് കൂടുതല്‍ അടുക്കുന്നത് ഇടത് മനസുള്ള ഭൂമികയായ കണ്ണൂരിനോടാണ് എന്നിരിക്കിലും മണ്ഡലത്തിലെ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് മറ്റൊരു പ്രശ്നമാണ്. ആ പ്രശ്നത്തിന്റെ പേരാണ് മയ്യഴി. വടകര മണ്ഡലത്തിനുള്ളില്‍ തന്നെയുള്ള ഈ ചെറിയ കേന്ദ്ര ഭരണ പ്രദേശത്ത് ഇടതുപക്ഷത്തിന്റെ സഖ്യം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡി.എം.കെ മുന്നണിയുമായാണ് എന്നതാണ് ഇതിന് കാരണം.

വൈരുധ്യാത്മക പ്രതിസന്ധി എന്നൊക്കെ പാര്‍ട്ടി ക്ലാസുകളില്‍ കേട്ടിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ അത് അനുഭവത്തില്‍ വന്നിരിക്കുകയാണ് മയ്യഴിയില്‍. ഏപ്രില്‍ 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ ഡി.എം.കയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മുന്നണിയിലാണ് ഇടതുപക്ഷ പാര്‍ട്ടികളും ഉള്ളത്. എതിര് ചേരിയില്‍ എന്‍.ആര് കോണ്‍ഗ്രസിനൊപ്പം ബി.ജെ.പി., എ.ഐ.എ.ഡി.എം.കെ., പി.എം.കെ. കക്ഷികളും ഉണ്ട്. ചുരുക്കത്തില്‍ അവിടെ ഇടതു വോട്ടുകള്‍ കോണ്‍ഗ്രസിന് ചെയ്യേണ്ടിവരും.
ബി.ജെ.പിക്കെതിരെയുള്ള മഹാസഖ്യത്തിന്റെ ഭാഗമായി തമിഴ് നാട്ടില്‍ പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള ലൈന്‍ അനുസരിച്ചായിരിക്കണം മയ്യഴിയില്‍ വോട്ടുചെയ്യേണ്ടതെന്ന് പ്രവര്‍ത്തകരെ കേരളനേതൃത്വം അറിയിച്ചിട്ടുണ്ട്. ഇവിടെ ഏകദേശം 29,000-ത്തോളം വോട്ടുകളുണ്ട്. കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത് നിലവിലെ സ്പീക്കറും മുന്‍ മുഖ്യമന്ത്രിയുമായ വൈദ്യലിംഗമാണ്. എന്‍.ആര് കോണ്‍ഗ്രസിലെ യുവതാരം കേശവന് നാരായണസ്വാമിയാണ് എതിരാളി. നടന് കമലിന്റെ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യത്തിന്റെ സുബ്രഹ്മണ്യവും ഇവിടെ മത്സരിക്കുന്നു.
