മലപ്പുറം/ കാസർകോട്: കാസര്‍കോട്ടേക്ക് കിടക്ക സാമഗ്രികള്‍ കൊണ്ടുവരാൻ പോയ ലോറിയിലെ ക്ലീനര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കുഞ്ഞിമൊയ്തീൻ്റെ മകന്‍ സുഹൈല്‍ (26)ണ് മരിച്ചത്. വെള്ളിയാഴ്ച യായിരുന്നു മലപ്പുറം കോട്ടക്കല്ലില്‍ നിന്നും സുഹൈൽ ഡ്രൈവര്‍ റിയാസിനൊപ്പം ലോറിയിൽ കാസർകോട്ടേക്ക് യാത്രതിരിച്ചത്. ശനിയാഴ്ച തിരിച്ചെത്താത്തതിനാൽ ഫോണിൽ ബന്ധപെട്ടങ്കിലും കിട്ടിയില്ല. ഇതോടെ ഫാക്ടറി ഉടമയും ബന്ധുക്കളും ആശങ്കയിലായി.
പിന്നീട് കുടുംബം അറിയുന്നത് ലോറിയില്‍ നിന്നും വീണ് പരിക്കേറ്റതിനാൽ സുഹൈല്‍ ആശുപത്രത്തിലുണ്ട് എന്നാണ്. ഇതിനു പിന്നാലെ മരണവർത്തയും എത്തി. ഇതോടെ കുടുംബാംഗങ്ങൾ കാസർകോട്ടേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോഴേക്കും മരണത്തിൽ ഇവർക്ക് സംശയമുയരുകയായിരുന്നു. ഡ്രൈവറുടെ മൊഴിയിൽ സംശയമുള്ളതിനാൽ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ലോറിയില്‍ നിന്നും താഴെയിറങ്ങുന്നതിനിടയില്‍ മുഖമിടിച്ചുവീണാണ് സുഹൈലിന് പരിക്കേറ്റത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചതായും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും ഡ്രൈവർ പറയുന്നു. മദ്യലഹരിയിൽ ഇവർതമ്മിൽ അടിപിടി കൂടിയതായാണ് പോലീസ് സംശയിക്കുന്നത്. മദ്യപിച്ച് ബോധരഹിതനായതിനാല്‍ എഴുന്നേല്‍പിക്കാന്‍ വേണ്ടി സുഹൈലിനെ ചവിട്ടിയെന്നകാര്യം ഡ്രൈവർ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. മരണത്തിലെ ദുരൂഹത അകറ്റുന്നതിനായി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിക്കാൻ കാത്തിരിക്കുകയാണ് പോലീസ്.