
കാസര്‍കോട്: എപ്രിൽ 25 മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ പാലായി, പുതുക്കൈ ,പള്ളിക്കര ,തൈക്കടപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ രക്ത പരിശോധനയും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.
തൈക്കടപ്പുറം പി.എച്ച്സിയിൽ കൊതുകു കൂത്താടികളെ തിന്നുന്ന ഗപ്പി മിനുകളെ നിക്ഷേപിച്ചു
ഹെൽത്ത് ഇൻസ്പെക്ടർ ശശിധരൻ, ജുനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ വിപ്ലവൻ, പത്മനാഭൻ ,ബാലകൃഷ്ണൻ, സരസ്വതി ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. തൈക്കടപ്പുറത്ത് മെഡിക്കൽ ഓഫീസർ ഡോ.ശാരദ നേതൃത്വം നൽകി.
‘മലമ്പനിനിവാരണത്തിന്‍റെ തുടക്കം എന്നില്‍ നിന്ന്’ എന്നതാണ് ഈവര്‍ഷത്തെ ലോക മലമ്പനിദിനത്തിന്‍റെ മുദ്രാവാക്യം. പൊതുജനങ്ങളില്‍ രോഗത്തെകുറിച്ച് അവബോധം സൃഷ്ടിച്ചു രോഗനിയന്ത്രണം സാധ്യമാകുക എന്നതാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. 2020 തോടെ തദ്ദേശീയ മലമ്പനി പൂര്‍ണ്ണമായും ഇല്ലാതാക്കുക, മലമ്പനി മരണം ഒഴിവാക്കുക തുടങ്ങിയവയും പ്രധാനലക്ഷ്യങ്ങളാണ്.

അനോഫിലസ് വിഭാഗത്തില്‍പ്പെടുന്ന പെണ്‍ കൊതുകുകള്‍ ആണ് രോഗം പരത്തുന്നത്. പ്ലാസ്‌മോഡിയം വിഭാഗത്തില്‍പ്പെടുന്ന ഏകകോശജീവികളാണ് രോഗകാരി. ഇടവിട്ടുള്ള ദിവസങ്ങളില്‍ ശക്തമായ വിറയലും പനിയും കുളിരും ശരീരം വിയര്‍ക്കലും രോഗലക്ഷണങ്ങളാണ്. കൊതുകു കടിയിലൂടെ രോഗം ഒരാളില്‍നിന്ന് മറ്റൊരാളിലേക്കു പകരുന്നു. കൊതുകു വളരാനും പെരുകാനുമുള്ള സാധ്യത ഒഴിവാക്കുക. കൊതുകു കടി എല്‍ക്കാതിരിക്കാന്‍ കൊതുകുവല ഉപയോഗിക്കുക, ഡ്രൈഡേ ആചരിക്കുക. വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍, കിണറുകള്‍ എന്നിവിടങ്ങളില്‍ കൂത്താടി നിവാരണത്തിന് മത്സ്യങ്ങളെ നിക്ഷേപിക്കുക തുടങ്ങിയവ രോഗപ്രതിരോധത്തിന്‍റെ ഭാഗമായി നടത്താം.
ഇതരസംസ്ഥാനങ്ങളില്‍ യാത്ര കഴിഞ്ഞു വരുന്നവര്‍ പനിയുണ്ടെങ്കില്‍ നിര്‍ബന്ധമായും രക്തപരിശോധന നടത്തി മലമ്പനി ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇതരസംസ്ഥാന തൊഴിലാളികള്‍, മുന്‍വര്‍ഷങ്ങളില്‍ മലമ്പനി രോഗബാധ ഉണ്ടായിട്ടുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തദ്ദേശീയ മലമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്ന ജില്ലയാണ് കാസര്‍കോട് എങ്കിലും മുന്‍വര്‍ഷങ്ങളേക്കാള്‍ രോഗാതുരത കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. 2020 ഓടെ ജില്ലയെ മലമ്പനിവിമുക്തജില്ല എന്നലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
